രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി തനിക്കെതിരെ വീണ്ടും വ്യാജ പരാതി നൽകിയെന്ന് രാഹുൽ ഈശ്വർ. ഇത് 'പുരുഷ വേട്ട'യാണെന്നും പുരുഷ കമ്മീഷൻ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് കാട്ടി യുവതി നൽകിയ പരാതിയിൽ പ്രതികരണം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിക്കെതിരെ രാഹുൽ ഈശ്വർ. തനിക്കെതിരെ യുവതി നൽകിയ പുതിയ പരാതിയിലാണ് പ്രതികരണം. തനിക്കെതിരെ പൊലീസിൽ വീണ്ടും വ്യാജ പരാതി നൽകിയെന്നാണ് രാഹുൽ ഈശ്വറിന്‍റെ ആരോപണം. എന്തൊരു കഷ്ടമാണ് ഇത്. നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേ. സോഷ്യൽ ഓഡിറ്റ്, വിമർശനങ്ങളെ ഭയന്ന് ചിലർ നിയമത്തെ ആയുധവൽക്കരിച്ചു എതിർ സ്വരങ്ങളെ നിശബ്‍ദമാക്കുന്ന ഈ പ്രവണത നല്ലതാണോയെന്നും രാഹുൽ ചോദിച്ചു.

ആണിനെ കുടുക്കാൻ എന്ത് എളുപ്പുമാണെന്നു ആലോചിച്ചു നോക്കൂ. ഈ പുരുഷ വേട്ട ഇല്ലാതാക്കണമെന്നാണ് പൊലീസ്, കോടതി, നിയമ സംവിധാനത്തോട് പറയാനുള്ളത്. ആരെയും വ്യാജ പരാതി കൊടുത്ത് കുടുക്കാം എന്നുള്ള അവസ്ഥ മാറണം. പുരുഷ കമ്മീഷൻ വരണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനു കോടതി വിലക്കില്ല. വീഡിയോ ചെയ്യുന്നതിന് കോടതി വിലക്കില്ല, ഒരു ജാമ്യ വ്യവസ്ഥയും ലംഘിച്ചിട്ടുമില്ല. തന്നെ അറസ്റ്റ് ഇനിയും ചെയുമായിരിക്കാം, പക്ഷേ സത്യം നീതി പുരുഷന്മാർക്ക് കിട്ടണമെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

പരാതി ഇങ്ങനെ

രാഹുൽ ഈശ്വർ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നാണ് യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. യുവതിക്കെതിരെ രാഹുൽ ഈശ്വർ വീണ്ടും വീഡ‍ിയോ ചെയ്തിരുന്നു. എഐജിക്ക് കിട്ടിയ പരാതി സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്നായിരുന്നു രാഹുലിന് നൽകിയിരുന്ന ജാമ്യവ്യവസ്ഥ.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത് വന്നതിൽ രാഹുൽ ഈശ്വർ പ്രതികരിച്ചിരുന്നു. സത്യങ്ങൾ ഓരോന്നായി പുറത്തുവരുന്നു. (വ്യാജ) പരാതിക്കാരിക്ക് അപ്പൊ ഭർത്താവുണ്ടോയെന്നും, ഒരു മാസത്തിനകം കല്യാണം ഒഴിഞ്ഞെങ്കിൽ ഇപ്പോഴും ഭർത്താവ് എങ്ങനെ ഉണ്ടാകുമെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു. ഓർക്കുക രാഹുൽ ഈശ്വർ മാത്രമാണ് നിങ്ങളോടു സത്യം പറയുന്നതെന്നും പോസ്റ്റിലുണ്ട്.