Asianet News MalayalamAsianet News Malayalam

വന്ദേഭാരത് മിഷൻ: 180 യാത്രക്കാരുമായി കണ്ണൂരിലേക്കുള്ള ആദ്യവിമാനം ഇന്നെത്തും

വൈകിട്ട് 7.10ന് ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ബോയിങ്ങ് 737 വിമാനം കണ്ണൂരിലിറങ്ങും.

First vandhe bharath mission flight will reach kannur today
Author
Kannur, First Published May 12, 2020, 1:23 PM IST

കണ്ണൂ‍ർ: കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുമായി കണ്ണൂരിൽ ആദ്യ വിമാനം ഇന്നിറങ്ങും. ദുബായിൽ നിന്നും  വരുന്ന 180 പേരിൽ അഞ്ചു ജില്ലകളിൽ നിന്നുള്ളവരുണ്ട്. ഇവരുടെ പരിശോധനയ്ക്കടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു.

വൈകിട്ട് 7.10ന് ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ബോയിങ്ങ് 737 വിമാനം കണ്ണൂരിലിറങ്ങും. 180 യാത്രക്കാരിൽ 109 പേർ കണ്ണൂർ സ്വദേശികളും 47 പേർ കാസർകോട് ജില്ലക്കാരുമാണ്. ഇവരെ കൊണ്ടുവരാനായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പത്തരക്ക് വിമാനം പുറപ്പെട്ടു. സമൂഹിക അകലം പാലിച്ച് 20 പേർ വീതമുള്ള സംഘമായാണ് വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കുക. തുടർന്ന് റാപ്പിഡ് ടെസ്റ്റ്. ഇതിനായി അഞ്ച് മെഡിക്കൽ ഡെസ്ക്കുകൾ.

രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേക വഴിയിലൂടെ ആംബുലൻസിൽ ആശുപത്രികളിലേക്ക് മാറ്റും. മറ്റ് യാത്രക്കാർ ഓരോ ജില്ലക്കുമായി ഒരുക്കിയ പ്രത്യേകം ഇരിപ്പിടങ്ങളിലേക്ക് പോകണം. വിവരശേഖരണത്തിനും ക്വാറന്‍റീൻ നിർദ്ദേശങ്ങൾ നൽകുന്നതിനുമായി പത്ത് ഹെൽപ്പ് ഡെസ്ക്കുകൾ. യാത്രക്കാരുടെ ബാഗേജുകളും ഹാൻഡ് ബാഗുകളും പൂർണമായും അണുവിമുക്തമാക്കും. 

ഓരോ ജില്ലകളിലേക്കും പോകേണ്ടവർക്കായി പുറത്ത് കെഎസ്ആർടിസി ബസുകളുണ്ടാകും. വീടുകളിൽ നീരിക്ഷണത്തിൽ കഴിയേണ്ട ഗ‌ർഭിണികൾ,പ്രായമായവർ,കുട്ടികൾ എന്നിവർക്ക് പോകാൻ പെയ്ഡ് ടാക്സി സൗകര്യവുമുണ്ട്. ഇനിയും അറുപതിനായിരത്തിലേറെ പ്രവാസികളാണ് കണ്ണൂരിലേക്ക് വരാൻ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios