തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായുള്ള സാധനങ്ങൾ ശേഖരിക്കുന്ന വിവിധ കേന്ദ്രങ്ങൾ തിരുവനന്തപുരത്ത് പ്രവർത്തനസജ്ജമായി. അവശ്യ സാധനങ്ങളുമായി ആദ്യ വണ്ടി വയനാട്ടിലേക്ക് പുറപ്പെട്ടു. നഗരസഭയും വിവിധ സന്നദ്ധ സംഘടനകളുമാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ കേന്ദ്രങ്ങൾ തുടങ്ങിയത്.

മഹാപ്രളയത്തിലെന്ന പോലെ ഈ പ്രളയകാലത്തും ദൂരെ ക്യാമ്പിൽ കഴിയുന്നവർക്കായി കയ്യയച്ച് സഹായങ്ങളെത്തിക്കാൻ  കൈകോർക്കുകയാണ് തലസ്ഥാനവാസികൾ. കുടിവെള്ളം, ബിസ്ക്കറ്റ് , ബേബി ഫുഡ്, ബെഡ്ഷീറ്റ്, കുട്ടികൾക്കുള്ള ഉടുപ്പുകളുമെല്ലാം കളക്ഷൻ സെന്ററുകളിൽ ശേഖരിക്കുന്നുണ്ട്.

ആദ്യ മണിക്കൂറുകളിൽ തണുത്ത പ്രതികരണമായിരുന്നെങ്കിലും പിന്നീട് കേന്ദ്രങ്ങൾ സജീവമായി. അവശ്യ സാമഗ്രികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. കൂടുതൽ കൗണ്ടറുകൾ വരും ദിവസങ്ങളിൽ തുറക്കാനാണ് നഗരസഭയുടെ തീരുമാനം.