ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത രാജ്യത്തെ ആദ്യവനിത പൊലീസ് സ്റ്റേഷന്‍ സുവര്‍ണ ജൂബിലി നിറവില്‍, കേരളത്തിന് ആഭിമാനം
കോഴിക്കോട് പാവമണി റോഡിൽ 1973ലാണ് വനിത പൊലീസ് സ്റ്റേഷൻ തുറന്നത്.പരാതിക്കാരും പ്രതികളും സ്ത്രീകളാകുന്ന കേസുകളിൽ സവിശേഷ ശ്രദ്ധ വേണമെന്ന് ലക്ഷ്യമിട്ടായിരുന്നു തുടക്കം.

കോഴിക്കോട്: സുവർണ ജൂബിലി നിറവിൽ രാജ്യത്തെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ. കോഴിക്കോട് പാവമണി റോഡിൽ 1973ൽ ആരംഭിച്ച പൊലീസ് സ്റ്റേഷൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. സുവർണ ജൂബിലിയോടനുബന്ധിച്ച് 10 ദിവസത്തെ പരിപാടികളാണ് സ്റ്റേഷനിൽ സംഘടിപ്പിക്കുന്നത്. പരാതിക്കാരും പ്രതികളും സ്ത്രീകളാകുന്ന കേസുകളിൽ സവിശേഷ ശ്രദ്ധ വേണമെന്ന് ലക്ഷ്യമിട്ടായിരുന്നു സ്റ്റേഷന്‍റെ തുടക്കം.
ചരിത്രത്തിലിടമുള്ള പൊലീസ് സ്റ്റേഷന്‍റെ വാർഷികം ഗംഭീര ആഘോഷമാക്കുകയാണ് സിറ്റി പൊലീസ്. ആദ്യ ദിവസം 50 പോലീസുകാരുടെ രക്തദാനം. രണ്ടാം ദിനം കാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകി. എന്ത് പ്രശ്നമുണ്ടെങ്കിലുമിങ്ങോട്ട് പോന്നോളാൻ ധൈര്യം കൊടുക്കുകയാണ് എസ്ഐ. മെഡിക്കൽ ക്യാംപ്, രാത്രി നടത്തം, വനിതാ ക്രിക്കറ്റ്, തുടങ്ങി 50 തികയ്ക്കുന്ന ഒക്ടോബർ 27 വരെ എന്നും പരിപാടികളുമായി സജീവമാകും ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷൻ.