Asianet News MalayalamAsianet News Malayalam

മത്സ്യത്തൊഴിലാളി സമരം രണ്ടാംദിനം,തിങ്കളാഴ്ച കരമാർഗ്ഗവും കടൽമർഗ്ഗവും വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തും

വാർ, പുതിയതുറ ഇടവകകളാണ് ഇന്ന് മുല്ലൂരിലെ രാപ്പകൽ ഉപരോധ സമരത്തിൽ പങ്കെടുക്കുന്നത്

Fishermen's strike on second day, construction of Vizhinjam port will be disrupted on Monday
Author
First Published Aug 17, 2022, 5:51 AM IST

തിരുവനന്തപുരം : തീരശോഷണവും പുനരധിവാസ പ്രശ്നങ്ങളും ഉയർത്തി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ, വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം, ഇന്ന് രണ്ടാം ദിനം. പൂവാർ, പുതിയതുറ ഇടവകകളാണ് ഇന്ന് മുല്ലൂരിലെ രാപ്പകൽ ഉപരോധ സമരത്തിൽ പങ്കെടുക്കുന്നത്. 31ആം തീയതി വരെ സമരം തുടരാനാണ് തീരുമാനം. അടുത്ത തിങ്കളാഴ്ച കരമാർഗ്ഗവും കടൽമർഗ്ഗവും തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തും എന്നാണ് അറിയിപ്പ്.

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധ സമരം. നൂറുകണക്കിന് തീരദേശവാസികൾ ആണ് ഇന്നലെ ഉപരോധ സമരത്തിന് നേതൃത്വം നൽകിയത്.ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രിസഭാ ഉപസമിതി പ്രഖ്യാപിച്ചിട്ടും സമരക്കാർ അനുനയത്തിന് തയാറായിട്ടില്ല

 

വിഴിഞ്ഞം തുറമുഖത്തില്‍ സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. 7 വര്‍ഷമായി ഭവരനരഹിതരായി കഴിയുന്നവര്‍ക്കും പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു.മുട്ടത്തറ വില്ലേജില്‍ 17.5 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്.ഇതിന്‍റെ  നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തി വയ്ക്കണം എന്നതടക്കമുള്ള സമരക്കാരുടെ ആവശ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാന്‍  കഴിയില്ല,കൂട്ടായി ആലോചിക്കണമെന്നും മന്ത്രി വ്യക്തമാക്കി.തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളികൾ ഇന്നലെ കരിദിനം ആചരിച്ചു.

രാവിലെ കുർബാനയ്ക്ക് ശേഷം തീരപ്രദേശത്തെ എല്ലാ പള്ളികളിലും കരിങ്കൊടി ഉയ‍ർത്തി. വികസനം എന്ന  ഓമനപ്പേരിൽ മൽസ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണ്. ഇതിനെതിരെ ആണ് സമരം.വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തി വയ്ക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ‌തുറമുഖത്തിന് മുന്നിൽ ഉപരോധ സമരവും തുടങ്ങി വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെച്ച് കൃത്യമായ പഠനം നടത്തുക, പുനരധിവാസ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുക, അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം ഉറപ്പാക്കുക, തീര ശോഷണം തടയാൻ നടപടി എടുക്കുക തുടങ്ങി ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേൾക്കണം,വിഴിഞ്ഞം പദ്ധതിയുടെ ആഘാതം പഠിക്കണം-ലത്തീൻ അതിരൂപത

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേൾക്കാൻ തയാറാകണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര ഏഷ്യാനെറ്റ് ന്യൂസിനോട്. സർക്കാർ ജനാധിപത്യപരമായി ചർച്ചയ്ക്ക് തയാറാകണം.  ക്യാബിനറ്റ് സബ് കമ്മിറ്റികളുടെ ചർച്ച എങ്ങുമെത്തിയിട്ടില്ല.ഡ്രഡ്ജിങ് അടക്കം വലിയ വിഷയങ്ങളിൽ നടപടികൾ വേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുള്ള ആഘാതം കൃത്യമായി പഠിക്കണം. കടലിലും കരയിലും ഒരുപോലെ പഠനം നടത്തണമെന്നും  തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര പറഞ്ഞു

Follow Us:
Download App:
  • android
  • ios