തിരുവനന്തപുരം: ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്തുനിന്നെത്തിയ അഞ്ച് പേരും 28 ദിവസത്തിലേറെയായി നിരീക്ഷണത്തില്‍ തുടരുന്നവര്‍. ഇന്ന് കേരളത്തില്‍ ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറുപേരും കണ്ണൂര്‍ സ്വദേശികളാണ്. ഇതില്‍ അഞ്ച് പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. ദുബായില്‍ നിന്നെത്തിയ ഇവര്‍ അഞ്ച് പേരും 28 ദിവസം മുമ്പ് തിരിച്ചെത്തിയവരാണെന്നും എല്ലാവരും വീടുകളില്‍ നിരീക്ഷണത്തില്‍ ആയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

408 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 294 പേരുടെ രോഗം ഭേദമായി. നിലവില്‍ ചികിത്സയിലുള്ളത് 114 രോഗികളാണ്. സംസ്ഥാനത്ത്  നിരീക്ഷണത്തിലുള്ളത് 46203 പേരാണ്. ഇതില്‍ 398 പേര്‍ ആശുപത്രിയിലാണ്. 62 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19756 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു.