സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കി ചുരുക്കുന്നത് ചർച്ച ചെയ്യാൻ സർക്കാർ ഈ മാസം 17ന് ഓൺലൈൻ യോഗം വിളിച്ചു. പ്രവൃത്തി ദിനം കുറയ്ക്കുന്നതിനെ സർവീസ് സംഘടനകൾ അനുകൂലിക്കുന്നുണ്ടെങ്കിലും അവധി വെട്ടിക്കുറയ്ക്കുന്നതിൽ എതിർപ്പുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് തുടങ്ങിയ ചർച്ചകളാണ് ഇപ്പോൾ വീണ്ടും സജീവമാകുന്നത്.

തിരുവനന്തപുരം: പ്രവൃത്തി ദിവസം അഞ്ചാക്കൽ സംബന്ധിച്ച് സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ഓൺലൈൻ യോഗം ഈ മാസം 17ന് നടക്കും. ഇത് സംബന്ധിച്ച് സർവീസ് സംഘടനകൾക്ക് സർക്കാർ കത്ത് നൽകി. എൽഡിഎഫ് സർക്കാറിന്റെ കാലത്തായിരുന്നു സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കുന്നത് ആ​ദ്യമായി പരി​ഗണിച്ചത്. ഇത് സംബന്ധിച്ച് അന്നത്തെ ചീഫ് സെക്രട്ടറി വിളിച്ച സ‍ർവീസ് സംഘടനകളുടെ യോഗം വിളിച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് സമയമായതിനാൽ തീരുമാനമായില്ല. പ്രവൃത്തി ദിവസം ചുരുക്കുന്നതിനെ എല്ലാ സര്‍വീസ് സംഘടനകളും അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ഓഫീസ് സമയം ദീര്‍ഘിപ്പിക്കുന്ന കാര്യത്തിലും അവധികളില്‍ കുറവ് വരുത്തുന്നതിലും വ്യക്തത വന്നിരുന്നില്ല.

ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ച് ദിവസമാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ സമരം ചെയ്തിരുന്നു. സംസ്ഥാന സർക്കാർ ജീവനക്കാരും കാലങ്ങളായി ഇതേ ആവശ്യം ഉന്നയിക്കുകയാണ്. പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ആക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും ശുപാർശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂർ ജോലി സമയം കൂട്ടണമെന്നാണ് നിർദേശം. ഒരു മണിക്കൂർ ജോലികൂട്ടുന്നതിനെ സർവീസ് സംഘടനകൾ എതിർക്കുന്നില്ല. എന്നാൽ പൊതു അവധി ദിവസങ്ങൾ കുറയ്ക്കണമെന്ന നിർദേശത്തെ ശക്തമായി എതിർത്തിരുന്നു.