ആലപ്പുഴ: ആലപ്പുഴ പുളിങ്കുന്നിലെ അനധികൃത പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ഏലിയാമ്മ തോമസ് ആണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പുളിങ്കുന്ന് പള്ളിക്ക് സമീപം, ജനവാസമേഖലയിൽ പ്രവർത്തിച്ചിരുന്ന പടക്കനിർമാണശാല കത്തിയത്. തങ്കച്ചൻ എന്നയാളുടെ ഉമസ്ഥതതയിലുള്ള സ്ഥലത്ത്,  മകൻ കൊച്ചുമോനും ബന്ധു ബിനോയിയും ചേർന്നാണ് വലിയ തോതിൽ പടക്കനിർമാണം നടത്തിവന്നത്. പടക്കം വിലക്കാനുള്ള ലൈസൻസ് മാത്രമാണ് കൊച്ചുമോന്‍റെ പേരിലുള്ളത്.

ആലപ്പുഴ അഡീഷണൽ എസ്‍പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, ബിനോയിയുടെ വീടിന്‍റെ രഹസ്യ അറയിൽ നിന്ന് വൻതോതിൽ വെടിമരുന്ന് ശേഖരം പിടികൂടിയിരുന്നു. അപകടത്തിന് കാരണക്കാരായ തങ്കച്ചൻ, കൊച്ചുമോൻ, ബിനോയ് എന്നിവർക്കെതിരെ കുറ്റകരമായ  നരഹത്യയടക്കം വകുപ്പുകൾ ചുമത്തിയാണ് പുളിങ്കുന്ന് പൊലീസ് കേസെടുത്തത്. കൊച്ചുമോൻ വിദേശത്തും മറ്റ് രണ്ട് പ്രതികൾ ഒളിവിൽ പോയെന്നും പൊലീസ് പറയുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക