ഒതുക്കുങ്ങലില്‍ മുറിക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ കടിച്ചു കീറി
മലപ്പുറം: ഒതുക്കുങ്ങലില്‍ മുറിക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ കടിച്ചു കീറി. ഒതുക്കുങ്ങല്‍ തൊടുവത്തുപറമ്പില്‍ ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം ഉണ്ടായത്. പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്‍റെ വാതില്‍ തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ തെരുവ് നായ, മുറിയില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് ചോരയൊലിക്കുന്ന നിലയില്‍ കുഞ്ഞിനെ കണ്ടത്. വീട്ടുകാര്‍ നായയെ ഓടിച്ചു വിട്ടു.
കുഞ്ഞിന് പുറമെ പ്രദേശത്തെ മറ്റ് മൂന്നുപേര്‍ക്കും ഇതേ തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. മദ്‌റസയില്‍ പോവുകയായിരുന്ന മറ്റുരത്തങ്ങാടി പുളിക്കല്‍ റിഷാദ് അലി, മുസ്ലിയാരങ്ങാടിലുള്ള നാരായണന്‍, മുനമ്പത്ത് സൈനബ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവര്‍ക്കും പ്രാഥമിക ചികിത്സ നല്‍കി. പ്രദേശത്ത് തെരുവ് നായ ശല്യം കടുത്ത രീതിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വീടിനകത്ത് പോലും കുട്ടികള്‍ക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്നും, അധികൃതര്‍ അടിയന്തരമായി ഇടപെട്ട് അക്രമകാരികളായ നായകളെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.



