Asianet News MalayalamAsianet News Malayalam

ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന കോടതിവിധി; മരട് നഗരസഭാ ഓഫീസിന് മുന്നിൽ ഫ്ലാറ്റ് ഉടമകളുടെ ധര്‍ണ

സെബാസ്റ്റ്യന്‍ പോൾ, കെ.ബാബു, സൗബിൻ ഷാഹിർ ,മേജര്‍ രവി തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു.നഗരസഭയുടെ തെറ്റായ നിലപാടുമൂലമാണ് സുപ്രീം കോടതി ഫ്ലാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടതെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. 

flat owners dharna in front of Marad municipal office
Author
Cochin, First Published Jul 30, 2019, 12:21 PM IST

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച്  നിർമിച്ച ഫ്ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മരട് നഗരസഭാ ഓഫീസിന് മുന്നിൽ ഫ്ലാറ്റ് ഉടമകള്‍ ധര്‍ണ നടത്തി. നഗരസഭയുടെ തെറ്റായ നിലപാടുമൂലമാണ് സുപ്രീം കോടതി ഫ്ലാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടതെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി.  

മരടിലെ ഫ്ളാറ്റുകൾ പൊളിക്കാനുള്ള കേസിൽ തങ്ങളെ കൂടി കക്ഷി ചേർക്കണമെന്നും പ്രശ്നത്തിൽ  സർക്കാർ ഇടപെടണമെന്നും ഫ്ലാറ്റ് ഉടമകൾ ആവശ്യപ്പെടുന്നു. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി തങ്ങളെ കേൾക്കാതെ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഉണ്ടായത്. അതുകൊണ്ടുതന്നെ റിട്ട് ഹർജികളും റിവ്യൂ ഹർജികളും തുറന്ന കോടതിയിൽ വാദം കേൾക്കാതെ തള്ളിപ്പോയി. നഗരസഭ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് തങ്ങള്‍ ഫ്ലാറ്റുകള്‍ വാങ്ങിയത്. ഫ്ലാറ്റ്  ഉടമകളുടെ പ്രശ്നങ്ങള്‍ നഗരസഭ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നും ഫ്ലാറ്റുടമകള്‍ കുറ്റപ്പെടുത്തി.

പരിസ്ഥിതി ലോല പ്രദേശങ്ങളെ തരം തിരിക്കുന്ന സിആർസെഡ് നിയമങ്ങളിലെ അപാകതയാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും  ഇതിൽ വ്യക്തത വരുത്താൻ സർക്കാർ തയ്യാറാകണമെന്നും  ഫ്ലാറ്റുടമകള്‍ ആവശ്യപ്പെട്ടു.  സെബാസ്റ്റ്യന്‍ പോൾ, കെ.ബാബു, സൗബിൻ ഷാഹിർ. മേജര്‍ രവി തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു.

തീരദേശ പരിപാലന നിയമം ലംഘിച്ച്  നിർമിച്ച മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ  പൊളിച്ച് നീക്കണം എന്ന് മെയ് എട്ടിനാണ് സുപീംകോടതി ഉത്തരവിട്ടത്. ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിൻ ഹൗസിംഗ്, ആൽഫ വെൻച്വെർസ് എന്നീ ഫ്ലാറ്റുകള്‍ പൊളിക്കാനാണ് കോടതി ഉത്തരവിട്ടത്.  


 

Follow Us:
Download App:
  • android
  • ios