കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള പ്രതിഷേധമാണ് ഇതിന് പിന്നിലെന്നാണ് സൂചന.
കണ്ണൂർ: പാർട്ടി കോൺഗ്രസിന് പിന്നാലെ സി പി എം നേതാവ് പി ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ ഫ്ലെക്സ് ബോർഡുകൾ. തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജന്മനസ്സിലുള്ള സഖാവ് എന്ന വാചകത്തിനൊപ്പം ജയരാജന്‍റെ ചിത്രവുമുള്ള ഫ്ലെക്സുകളാണ് കണ്ണൂരിൽ പ്രത്യക്ഷപ്പെട്ടത്. സി പി എം ശക്തികേന്ദ്രങ്ങളായ കാക്കോത്ത്, ആർ വി മെട്ട ഭാഗങ്ങളിലാണ് ഫ്ലെക്സ് ബോർഡുകൾ കണ്ടത്. റെഡ് യംഗ്സിന്‍റേത് എന്ന പേരിലാണ് പാർട്ടി കോൺഗ്രസ് സമാപനത്തിന് പിന്നാലെ ഫ്ലക്സ് ബോർഡ് ഉയർന്നത്.
സംസ്ഥാന സമ്മേളനത്തിൽ ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാതെ പി ജയരാജനെ തഴഞ്ഞിരുന്നു. ഇന്നലെ സമാപിച്ച പാർട്ടി കോൺഗ്രസിൽ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പ്രായപരിധി നിബന്ധന പാലിച്ചാൽ എഴുപത്തിരണ്ടുകാരനായ ജയരാജന്‍റെ സംഘടനാ ജീവിതം സംസ്ഥാന കമ്മിറ്റി അംഗമായി അവസാനിക്കാനാണ് സാധ്യത. അദ്ദേഹത്തെ പിന്തുണക്കുന്നവർക്ക് അതിലുളള അതൃപ്തിയാണ് ഫ്ലക്സിലൂടെ പുറത്തുവന്നതെന്നാണ് സൂചന.
അതിനിടെ സി പി എമ്മുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രതികരണത്തിൽ കേരളത്തിലെ അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ ആര് നയിക്കുമെന്ന കാര്യത്തിൽ എം എ ബേബി നിലപാട് വ്യക്തമാക്കി എന്നതാണ്. പിണറായി വിജയൻ തന്നെയാകുമോ അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുകയെന്ന ചോദ്യത്തിനാണ് എം എ ബേബി മറുപടി നൽകിയത്. നിലവിൽ പാർട്ടിയിലെ മുതിർന്ന നേതാവും കേരളത്തിലെ മുഖ്യമന്ത്രിയുമാണ് പിണറായി വിജയൻ. സ്വഭാവികമായും അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ രാഷ്ട്രീയമായ പ്രചാരണത്തിലും സംഘടനാകാര്യത്തിലുമെല്ലാം നയിക്കും. ഒരു തുടർഭരണം വീണ്ടും കിട്ടിയാൽ അന്ന് ആരാണ് മുഖ്യമന്ത്രിയാകുക എന്ന കാര്യം ഇപ്പോൾ ചർച്ചചെയ്യേണ്ട കാര്യമില്ല. സമയമാകുമ്പോൾ പാർട്ടി കൃത്യമായ തീരുമാനമെടുക്കുമെന്നും പുതിയ ജനറൽ സെക്രട്ടറി വ്യക്തമാക്കി. നിലവിലെ മുഖ്യമന്ത്രി അടുത്ത തിരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കുകയെന്നത് സ്വാഭാവിക കാര്യമല്ലേയെന്നും അതിലെന്ത് സംശയമാണുള്ളതെന്നും ബേബി ചോദിച്ചു. തുടർഭരണം കിട്ടാനുള്ള പ്രവർത്തനങ്ങളുണ്ടാകണമെന്നാണ് പാർട്ടി കോൺഗ്രസ് തീരൂമാനിച്ചിട്ടുള്ളതെന്നും ജനറൽ സെക്രട്ടറി വിവരിച്ചു.
