കൊച്ചി: വിമാനങ്ങള്‍ വെറുതെ കിടക്കാന്‍ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടതോടെ ഏറെ ദുരിതത്തലായിരിക്കുകയാണ് എന്ജിനിയറിംഗ് വിഭാഗം. പറന്നു നടക്കേണ്ട വിമാനങ്ങള്‍ ആഴ്ചകളോളം വെറുതെ കിടന്നാല് തകരാറിലാകും എന്നത് തന്നെ കാരണം. പറക്കുന്പോഴുള്ളതിനേക്കാള്‍ ഇരട്ടി സമയം അറ്റകുറ്റപ്പണി നടത്തിയാണ് ഇപ്പോള്‍ ഓരോ വിമാനവും പരിപാലിക്കുന്നത്.

നെടുന്പാശ്ശേരി വിമാനത്താവളത്തിലെ ഇപ്പോഴത്തെ കാഴ്ച നിരനിരയായി കിടക്കുന്ന വിമാനങ്ങളാണ്. പറന്ന് നടക്കേണ്ട വിമാനങ്ങല്‍ ഇങ്ങിനെ അനങ്ങാതെ കിടക്കുന്നത് അത്ര നല്ലതല്ല. പറക്കുന്പോള്‍ നിരന്തരം നിരീക്ഷണം ഉണ്ടാകും. സാങ്കേതിക പ്രശ്നങ്ങള്‍ അപ്പപ്പോള്‍ അറിയാം. നിശ്ചിത സമയപരിധികളില്‍ അറ്റകുറ്റപ്പണിയും നടക്കും.

ഇപ്പോള്‍ വെറുതെ കിടക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഏറെയെന്ന് എഞ്ചിനിയറിംഗ് വിദഗ്ധര്‍ പറയുന്നു. നിരന്തര പരിപാലനം ആവശ്യമാണ്. ചൂട്, തണുപ്പ്, മിന്നല്‍, കാറ്റ്, കീടങ്ങള്‍ എന്നിവ മൂലം പുറംഭാഗത്ത് തകരാര്‍ ഉണ്ടാകാം. എന്‍ജിനുകളുടെ മുന്‍ പിന്‍ഭാഗങ്ങളില്‍ സൂക്ഷ്മ നിരീക്ഷണം വേണം. പക്ഷികളും മറ്റും കടക്കാന്‍ സാധ്യതയേറെയാണ്. ഇടയക്കിടെ ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കണം. വാതില്‍, വെന്‍റിലേറ്റര്‍, വാല്‍വുകള്‍ എന്നിവ പ്രവര്‍ത്തനക്ഷമമെന്ന് ഉറപ്പുവരുത്തണമെന്ന് എയര്‍ ഇന്ത്യയുടെ എന്‍ജിനീയറിംഗ് വിഭാഗം മുന്‍ തലവന്‍ ഐ ജെ പോള്‍ പറഞ്ഞു.

ഇന്ധന ജല ശേഖരണ ടാങ്കുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, ലാന്‍ഡിംഗ് ഗിയറുകള്‍ ടയറുകള്‍ എന്നിവയും അടിക്കടി പരിശോധിക്കണം. സ്വന്തം എന്‍ജിനിയറിംഗ് വിഭാഗം ഉള്ള കമ്പനികള്‍ അവരെ ഉപോയഗിച്ചാണ് വിമാനങ്ങല്‍ പരിപാലിക്കുന്നത്. അല്ലാത്തവര്‍ വിമാനത്താവളത്തിലെ എന്ജിനിയറിംഗ് വിഭാഗത്തെ ആശ്രയിക്കുന്നു.