Asianet News MalayalamAsianet News Malayalam

വിമാനത്തിലെ പ്രതിഷേധം;'പ്രതികൾ ജാമ്യം ലഭിക്കേണ്ടവരല്ല,സർക്കാർ നിയമ നടപടി സ്വീകരിക്കണം'; എം വി ജയരാജന്‍

മുഖ്യമന്ത്രിയെ അപായപ്പെടുത്താനാണ് പ്രതികൾ വിമാനത്തില്‍ യാത്ര ചെയ്തത്..തോക്ക്  ഇല്ലാത്തതു കൊണ്ട് മാത്രം അപായപ്പെടുത്താൻ ലക്ഷ്യമിട്ടില്ലായിരുന്നുവെന്ന് പറയാൻ കഴിയില്ല

Flight protest, accused dont deserve bail says MV Jayarajan
Author
Kannur, First Published Jun 23, 2022, 3:41 PM IST

കണ്ണൂര്‍. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്കും ജാമ്യം കിട്ടിയതിനെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മുഖ്യമന്ത്രിയെ അപായപ്പെടുത്താനാണ് പ്രതികൾ യാത്ര ചെയ്തത്.സാഹചര്യ തെളിവുകൾ നോക്കിയാൽ മൂന്ന് പേരും ഒന്നിച്ചാണ് ടിക്കറ്റ് എടുത്തത്..തോക്ക്  ഇല്ലാത്തതു കൊണ്ട് മാത്രം അപായപ്പെടുത്താൻ ലക്ഷ്യമിട്ടില്ലായിരുന്നുവെന്ന് പറയാൻ കഴിയില്ല.പ്രതികൾ ജാമ്യം ലഭിക്കേണ്ടവരല്ല.സുരക്ഷ പരിശോധന ഉണ്ടായതു കൊണ്ടാണ് തോക്കു കൊണ്ടുപോകാതെ ഇരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലെ പ്രതിഷേധം, രണ്ട് പ്രതികൾക്ക് ജാമ്യം, മൂന്നാമന് മുൻകൂർ ജാമ്യം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധത്തിൽ അറസ്റ്റിലായ രണ്ട് പേർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാമത്തെയാൾക്ക് മുൻകൂർ ജാമ്യവും ലഭിച്ചു. കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദിനും, നവീൻ കുമാറിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്നാമത്തെ പ്രതി സുജിത് നാരായണന് മുൻകൂർ ജാമ്യവും ലഭിച്ചു. 

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണമുയ‍ര്‍ത്തിയതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാനമൊട്ടാകെ പ്രതിഷേധമുയര്‍ത്തിയത്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ കരിങ്കൊടി പ്രതിഷേധമുണ്ടായി. പിന്നാലെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അദ്ദേഹം വിമാനത്തിൽ സഞ്ചരിക്കവെ അതിനുള്ളിൽ വെച്ചും മൂന്ന് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചതിന് പ്രതിഷേധിച്ച മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തത്.

എന്നാൽ വിമാനത്തിൽ നടന്നത് മുദ്രാവാക്യം വിളി മാത്രമാണെന്നും അതിന് വധശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നുമാണ് പ്രതികൾ ജാമ്യഹര്‍ജിയിൽ വ്യക്തമാക്കിയത്. വിമാനം ലാൻഡ് ചെയ്തപ്പോൾ രണ്ട് വട്ടം മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതികളുടെ അഭിഭാഷകന്‍ ഈ വാദം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ആക്രമിച്ചില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പ്രതികൾ അറിയിച്ചു. 

ഇതോടെ വിമാനത്തിന് അകത്തെ ദൃശ്യം റെക്കോർഡ് ചെയ്യാൻ സംവിധാനം ഉണ്ടോ എന്ന് കോടതി ചോദിച്ചു. സിസിടിവി ലഭിച്ചാൽ പരിശോധിക്കാം എന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ ഈ സിസിടിവി ദൃശ്യം ആവശ്യപ്പെട്ടതായി റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടല്ലോ എന്നും ഒരു ഘട്ടത്തിൽ കോടതി ചോദിച്ചു. എന്നാൽ ചെറു വിമാനം ആയതിനാൽ സി സി ടി വി യില്ലെന്ന് എന്ന് ഡിജിപി വ്യക്തമാക്കി. എന്നാൽ ഇപ്പോൾ മാറ്റിയതായിരിക്കാം എന്ന് മൂന്നാം പ്രതി സുജിത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ ആക്രമിക്കാൻ മൂന്ന് പ്രതികളും നേരെത്തെ പദ്ധതി ഇട്ടിരുന്നതായി ഡിജിപി വാദിച്ചു. വിമാനം ഇറങ്ങുന്നതിനു മുൻപ് മൂന്ന് പേരും നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് മൊഴി ഉണ്ട്. നിന്നെ വെച്ചേക്കില്ല എന്ന് ആക്രോശിച്ചു പ്രതികൾ അടുത്തേക്ക് വന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികളും ഡിജിറ്റൽ രേഖകളുമുണ്ട്. പ്രതികളുടെ അക്രമത്തിൽ  സുരക്ഷ ജീവനക്കാരന് പരിക്കേറ്റു. മൂന്ന് പേരും 13-ാം തീയതിയാണ് ടിക്കറ്റ് എടുത്തത്. മൂന്ന് പേരും നിരന്തരം ആശയ വിനിമയം  നടത്തിയിരുന്നു.ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണമെന്നും ഡിജിപി വാദിച്ചു. എന്നാൽ കോടതി ഒടുവിൽ ജാമ്യം നൽകുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios