കോഴിക്കോട് നഗരത്തിൽ സന്ധ്യ കഴിഞ്ഞാൽ വടകര, കണ്ണൂർ ഭാഗങ്ങളിലേക്ക് ബസ്സോ ട്രെയിനോ ഇല്ലാതെ യാത്രക്കാർ ദുരിതത്തിലാകുന്നതായി പരാതി. കെഎസ്ആർടിസി ബസ് കാത്ത് മണിക്കൂറുകളോളം വലഞ്ഞതിനെക്കുറിച്ചും ജീവനക്കാരിൽ നിന്ന് മോശം പെരുമാറ്റം നേരിട്ടതിനെക്കുറിച്ചുമുള്ള യാത്രക്കാരന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു
കോഴിക്കോട്: സന്ധ്യ കഴിഞ്ഞാൽ കോഴിക്കോട് നഗരത്തിൽ നിന്നും വടകര, കണ്ണൂർ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ ബസ്സോ ട്രെയിനോ ഇല്ലാതെ ജനങ്ങൾ വലയുന്നതായി പരാതി. സാങ്കേതികവിദ്യ ഇത്രയേറെ വളർന്നിട്ടും ഒരു ബസ് എവിടെയെത്തിയെന്ന് കൃത്യമായി പറയാൻ പോലും കെഎസ്ആർടിസി ജീവനക്കാർക്ക് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരനായ വട്ടക്കണ്ടിയിൽ സുരേഷ് പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോഴിക്കോട് ആകാശവാണിയിൽ ന്യൂസ് എഡിറ്ററാണ് സുരേഷ്.
കഴിഞ്ഞ ദിവസം വൈകിട്ട് മക്കളോടും ബന്ധുക്കളോടുമൊപ്പം കോഴിക്കോട്ടെത്തിയതായിരുന്നു സുരേഷ്. ആറര കഴിഞ്ഞാൽ രാത്രി പത്തരയ്ക്ക് മാത്രമാണ് കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് ട്രെയിനുള്ളത്. അതിനാൽ വടകരയ്ക്ക് കെഎസ്ആർടിസി ബസ്സിനെ ആശ്രയിക്കാമെന്ന് കരുതിയാണ് ഇവർ രാത്രി 7.45-ഓടെ മാവൂർ റോഡ് സ്റ്റാൻഡിലെത്തിയത്. എന്നാൽ സ്റ്റാൻഡിൽ വടകര ഭാഗത്തേക്ക് ഒരൊറ്റ ബസ് പോലും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. സ്ത്രീകളും കൈക്കുഞ്ഞുങ്ങളും വിദ്യാർത്ഥികളുമടക്കം നൂറുകണക്കിന് ആളുകളാണ് മണിക്കൂറുകളോളമായി ബസ് കാത്ത് അവിടെ വലഞ്ഞിരുന്നത്.
8.15-ന്റെ ബസ് 7.45-ന് പോയി!
ഒമ്പത് മണിയായിട്ടും ബസ് വരാത്തതിനെ തുടർന്ന് അന്വേഷണ കൗണ്ടറിലെത്തിയപ്പോഴാണ് ജീവനക്കാരുടെ ഭാഗത്തുനിന്നും കടുത്ത അവഗണന നേരിട്ടത്. 8.15-ന് പോകേണ്ട ബസ് 7.45-ന് തന്നെ പോയി എന്ന വിചിത്രമായ മറുപടിയാണ് കൗണ്ടറിൽ നിന്നും ലഭിച്ചത്. അടുത്ത ബസ് എപ്പോഴാണെന്ന ചോദ്യത്തിന് നേരെ ക്രുദ്ധമായ നോട്ടമായിരുന്നു ജീവനക്കാരുടെ പ്രതികരണം. ഒടുവിൽ യാത്രക്കാർ ഒച്ചവെച്ചതിനെ തുടർന്ന്, ഏതോ കണ്ടക്ടറെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. മുക്കാൽ മണിക്കൂറോളം കൗണ്ടറിന് മുന്നിൽ നിർത്തിയ ശേഷമാണ് ഇനി 10.45-നേ ബസുള്ളൂ എന്ന് ജീവനക്കാർ മറുപടി നൽകിയത്.
"എങ്ങോ ആകാശത്ത് വട്ടം ചുറ്റിപ്പറക്കുന്ന ഫ്ലൈറ്റ് പോലും എവിടെയെത്തി എന്ന് അറിയാൻ സംവിധാനമുള്ള കാലത്താണിത്. എന്നിട്ടാണ് റോഡിലോടുന്ന ബസ് എവിടെ എത്തി എന്നോ എപ്പോൾ എത്തും എന്നോ അറിയാതെ ആനവണ്ടിക്കാർ യാത്രികരെ ക്രുദ്ധരായി നോക്കുന്നത്. ജി.പി.എസ് ട്രാക്കിംഗും സാങ്കേതിക വിദ്യയുമെല്ലാം സുലഭമായ ഈ കാലത്തും വലിയ ലെഡ്ജറിലെ കോളങ്ങൾ മാർക്ക് ചെയ്യുന്ന ജാംബവാൻ കാലത്താണ് കെഎസ്ആർടിസി ജീവിക്കുന്നത്." - സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
റെയിൽവേയും കൈവിട്ടു, ഒടുവിൽ ശരണം ഓട്ടോറിക്ഷ
മറ്റു ഭാഗങ്ങളിലേക്ക് ഇടവിട്ട് ബസ്സുകളുണ്ടായിട്ടും കണ്ണൂർ, വടകര ഭാഗങ്ങളിലേക്ക് മാത്രം മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. മിഠായിത്തെരുവ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന സാധാരണക്കാർക്ക് രാത്രി സമയങ്ങളിൽ വീടണയാൻ അധികൃതർ യാതൊരു സൗകര്യവും ഒരുക്കുന്നില്ലെന്നും യാത്രക്കാർ കുറ്റപ്പെടുത്തുന്നു. 10.45-ന് ബസ് വരുമെന്ന് യാതൊരു ഉറപ്പുമില്ലാത്തതിനെ തുടർന്ന് സുരേഷും സുഹൃത്തുക്കളും ഒടുവിൽ ഓട്ടോ വിളിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. രാത്രി 10 മണി കഴിഞ്ഞെത്തിയ ട്രെയിനിൽ കയറി പത്തരയ്ക്കാണ് കോഴിക്കോട് നിന്നും പുറപ്പെടാനായത്. വടകരയിൽ എത്തിയപ്പോഴേക്കും സമയം രാത്രി 11.30 കഴിഞ്ഞിരുന്നു. ഡിജിറ്റൽ യുഗത്തിലും ലോഗ് ബുക്കിൽ വരച്ചിട്ട് ഇരിക്കുന്ന കെഎസ്ആർടിസി ജീവനക്കാരുടെ മനോഭാവം മാറണമെന്നും യാത്രക്കാരോട് കണ്ണുരുട്ടുന്ന ജീവനക്കാരെ നിലയ്ക്ക് നിർത്തണമെന്നും ആവശ്യപ്പെട്ടാണ് കുറിപ്പ് അവസാനിക്കുന്നത്.


