ഇടുക്കി: പ്രളയ ദുരിതാശ്വാസമായി ലഭിച്ച വീട് പൂർത്തികരിച്ച് നൽകാതെ കരാറുകാരൻ പറ്റിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് ഇടുക്കി കട്ടപ്പനയിലെ മണിയമ്മ എന്ന വൃദ്ധ. ദുരന്ത ഭൂമിയിൽ തട്ടിക്കൂട്ടിയ ഷെഡിൽ ഒരോ നിമിഷവും പേടിയോടെയാണ് ഇവർ കഴിച്ചുകൂട്ടൂന്നത്.

2018 ഓഗസ്റ്റ് പതിനഞ്ചിനുണ്ടായ മണ്ണിടിച്ചിൽ നിന്ന് അത്ഭുതകരമായാണ് മണിയമ്മയും മകന്റെ ഭാര്യയും പേരക്കുട്ടിയും രക്ഷപ്പെട്ടത്. വീട് പൂർണ്ണമായി തകർന്നു. നഗരസഭയിലും വില്ലേജിലുമൊക്കെ കുറെ നടന്നാണ് പകരം വീടിനുള്ള അനുമതി ലഭിച്ചത്. ഇതിൽ നിന്ന് കിട്ടിയ നാല് ലക്ഷം രൂപ കരാറുകാരനെ ഏൽപ്പിച്ചു. എന്നാൽ വീട് പണി പൂർത്തികരിച്ച് നൽകാതെ കരാറുകാരൻ മുങ്ങി.

ശുചിമുറിയെങ്കിലും നന്നാക്കി കിട്ടിയെങ്കിൽ എങ്ങനെയെങ്കിലും ഈ വീട്ടിൽ കയറിക്കൂടാമെന്നാണ് മണിയമ്മ പറയുന്നത്. ജീവൻ പണയം വച്ചാണ് ഇവര്‍ ഇവിടെ തുടരുന്നത്.