സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന് ഒരാഴ്ചയായിട്ടും കുട്ടനാട്ടിലെ സ്കൂളുകൾ തുറന്നിരുന്നില്ല
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ സ്കൂളുകള്‍ നാളെ മുതൽ തുറക്കും. കുട്ടനാട് മേഖലയിലെ വെള്ളക്കെട്ട് പ്രതിസന്ധി ഒഴിഞ്ഞതോടെയാണ് സ്കൂളുകള്‍ നാളെ മുതൽ തുറക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകളിലടക്കം വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന് ഒരാഴ്ചയായിട്ടും കുട്ടനാട്ടിലെ സ്കൂളുകൾ തുറന്നിരുന്നില്ല. വെള്ളം ഇറങ്ങിയതോടെ വെള്ളക്കെട്ട് ഉണ്ടായിരുന്ന സ്കൂളുകൾ വൃത്തിയാക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ കുട്ടനാട്ടിലെ പ്രൊഫഷണൽ കോളേജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പല ദിവസങ്ങളിലായി അവധി പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചക്കിടെ വെള്ളമിറങ്ങിയ സ്ഥലത്തെ പ്രഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നിരുന്നെങ്കിലും സ്കൂളുകള്‍ക്ക് അവധിയായിരുന്നു.
ജൂൺ രണ്ടിനാണ് ഈ അധ്യയന വർഷത്തിലെ ക്ലാസുകൾ ആരംഭിച്ചത്. എന്നാൽ കുട്ടനാട് താലൂക്കിൽ അന്ന് മുതൽ വെള്ളിയാഴ്ച വരെ എല്ലാ ദിവസവും അവധി പ്രഖ്യാപിച്ചിരുന്നു. ശക്തമായ മഴയെ തുടർന്ന് കുട്ടനാട്, കാർത്തികപള്ളി താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളം കയറിയിരുന്നു. വെള്ളം കയറിയ സ്കൂളുകൾ അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും ചേർന്നാണ് ഇന്ന് കുട്ടനാട് താലൂക്കിലെ സ്കൂളുകള്‍ വൃത്തിയാക്കുന്നത്. നാളെ പ്രവേശനോത്സവം നടത്തിയായിരിക്കും സ്കൂള്‍ തുറക്കുക.


