കൊച്ചി: പ്രളയ ദുരിതാശ്വാസ നിധിയിൽ വെട്ടിപ്പ് നടത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ. തൃക്കാക്കര ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി അംഗം എംഎം അൻവറിനെയാണ് സിപിഎം സസ്‌പെന്‍റ് ചെയ്തത്.10.54 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് തട്ടിയെടുത്ത സംഭവത്തിൽ ആണ് നടപടി. 

സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയം​ഗം എം എം അൻവറിനാണ് പത്തര ലക്ഷം രൂപ പ്രളയ ദുരിതാശ്വാസമായി അനുവദിച്ചത്. സംഭവം വിവാദമായതോടെ ജില്ലാ കളക്ട‌ർ പണം തിരിച്ചുപിടിച്ചെങ്കിലും ക്രമക്കേടിൽ ഇതു വരെ അന്വേഷം ഉണ്ടായില്ല. പ്രളയ ബാധിത‌ർക്കുള്ള സഹായം സിപിഎം നേതാവിന്‍റെ അക്കൗണ്ടിലെത്തിയത് എങ്ങനെ എന്ന കാര്യത്തിൽ അന്വേഷണം ഒഴിവാക്കിയത് വിവാദമാകുകയും ചെയ്തിരുന്നു. 

ജനുവരി 24നാണ് അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാൽ ലക്ഷം രൂപയുടെ അവസാന ​ഗഡു എത്തിയത്. ആകെ കിട്ടിയത് 10, 54,000 രൂപയിൽ നിന്ന് അൻവർ അഞ്ച് ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. സംശയം തോന്നിയ സഹകരണ ബാങ്ക് സെക്രട്ടറിയാണ് തിരിമറി ആദ്യം തിരിച്ചറിയുന്നതും കളക്ടര്‍ക്ക് പരാതി നൽകുന്നതും, അന്വേഷണത്തിന് ഒടുവിൽ പത്ത് ലക്ഷത്തിയമ്പതിനായിരം രൂപയും അനധികൃതമായി അനുവദിച്ചതാണെന്ന് ബോധ്യമായി.

ഇതോടെയാണ് പണം അടിയന്തരമായി തിരിച്ചുപിടിക്കാൻ ബാങ്കിന് നി‍ദ്ദേശം നൽകിയത്.  പ്രളയ സഹായത്തിന് അപേക്ഷിച്ചിട്ടില്ലെന്നും എങ്ങനെയാണ് പണം എത്തിയതെന്ന് അറിയില്ലെന്നുമാണ് തൃക്കാക്കര ഈസ്റ്റ് സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ അൻവർ പാർട്ടിക്ക് നൽകിയ വിശദീകരണം. 

എന്നാൽ ഒന്നുമറിയാത്ത അൻവ‍ർ എങ്ങനെ അഞ്ച് ലക്ഷം രൂപ പിൻവലിച്ചെന്നത് ദുരൂഹമാണ്. പ്രളയത്തിൽ വീട് പൂർണ്ണമായും തക‌ർന്നവ‌ർക്ക് പോലും 4 ലക്ഷം രൂപ പരമാവധി അനുവദിക്കാൻ മാത്രം നിർദ്ദേശമുള്ളപ്പോഴാണ് പത്തര ലക്ഷം രൂപ സിപിഎം നേതാവിന്‍റെ അക്കൗണ്ടിൽ എത്തിയത് എന്നതും ശ്രദ്ധേയമാണ്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു വിജിലൻസിനെയും മുഖ്യമന്ത്രിയെയും സമീപിച്ചിട്ടുണ്ട്.

തുടര്‍ന്ന് വായിക്കാം:  പ്രളയ ബാധിത സഹായം സിപിഎം നേതാവിന്‍റെ അക്കൗണ്ടിൽ; ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍...