കൊച്ചി: എറണാകുളത്തെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി വിഷ്ണു പ്രസാദിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു. ഇന്നലെയാണ് ഇയാളെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രളയ ദുരിതാശ്വാസ നിധിയിൽ 63 ലക്ഷം രൂപ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

വിഷ്ണു പ്രസാദിന്‍റെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ ഉൾപ്പെട്ട സംഘം പ്രളയ ഫണ്ടിൽ നിന്നും 27 ലക്ഷം രൂപ തട്ടിയെടുത്തത് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ കളക്ടർ ആഭ്യന്തര പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ അന്വേഷണത്തിൽ ദുരിതാശ്വാസ  വിഭാഗത്തിൽ പണം നേരിട്ട് തട്ടിയെടുത്തെതായി കണ്ടെത്തി.  തുടർന്ന് എഡിഎം ക്രൈം ബ്രാഞ്ചിന് രണ്ടാമത്തെ പരാതി നൽകി. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ വിഷ്ണു  പ്രസാദ് പണം തട്ടിയെടുത്തതായി കണ്ടെത്തി. 

മാർച്ച് ഇരുപത് വരെ 1,18,4800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തി. 1,13,3300 രൂപ കൈപ്പറ്റിയിരിക്കുന്നത് വിഷ്ണു പ്രസാദാണ്. എന്നാൽ 48,30,000 രൂപ മാത്രമാണ് ട്രഷറിയിൽ അടച്ചത്. തുക നൽകിയവർക്ക് കൊടുത്ത 266 രസീതുകളിൽ ഒപ്പിട്ടിരിക്കുന്നത് വിഷ്ണു പ്രസാദാണ്. കേസിൽ ഇപ്പോൾ ഇയാളെ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ വിഷ്ണു പ്രസാദിനെ വിശദമായി ചോദ്യം ചെയ്യും.