കൊച്ചി: സംസ്ഥാനത്ത് വൻ വിവാദമായ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. പണം തട്ടിയവരിൽ നിന്നും മുഴുവൻ തുകയും തിരിച്ചു പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട്, സിപിഎം നേതാവിന്റെ ആത്മഹത്യയെ കുറിച്ചുള്ള ദുരൂഹത നീക്കാൻ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഈ ആത്മഹത്യയ്ക്ക് പ്രളയ തട്ടിപ്പുമായി ബന്ധം ഉണ്ടോ എന്നും പരിശോധിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വച്ചു.

സിപിഎം ഭരണത്തിലുള്ള അയ്യനാട് സഹകരണ ബാങ്ക് വഴി നേതാക്കൾ പ്രളയ ഫണ്ട്  തട്ടിപ്പ് നടത്തിയെന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഭരണ സമിതി അംഗവും തൃക്കാക്കര സെൻട്രൽ  ലോക്കൽ കമ്മിറ്റി അഗവുമായ സിയാദ് തൂങ്ങിമരിച്ചത്. തന്‍റെ മരണത്തിന് സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനും, ലോക്കൽ സെക്രട്ടറി ജയചന്ദ്രൻ, ബ്രാ‌ഞ്ച് സെക്രട്ടറി കെപി നാസർ എന്നിവരുമാണ് ഉത്തരവാദികൾ എന്ന ആത്മഹത്യ കുറിപ്പും  കഴിഞ്ഞ ദിവസം പുറത്ത് വന്നു. എന്നാൽ ഈ കത്ത് വ്യാജമാണെന്നും ഫോറൻസിക് പരിശോധന വേണമെന്നുമാണ് ആരോപണ വിധേയരായ നേതാക്കൾ ആവശ്യപ്പെടുന്നത്.

സിയാദും ബന്ധുക്കളും തമ്മിൽ സ്വന്ത് തർക്കം ഉണ്ടായിരുന്നു. ആരോപണം തങ്ങളുടെ മേൽ ബോധപൂർവ്വം കെട്ടിവെക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.  സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ ജില്ലാ നേതൃത്വവും രംഗത്ത് വന്നു. സിയാദിന്‍റെ സഹോദരനാണ് ആത്മഹത്യ കുറിപ്പ് പോലീസിന് കൈമാറിയത്. നേതാക്കൾക്കെതിരെ കേസ് എടുക്കുന്നത് കത്തിന്‍റെ ആധികാരിക പരിശോധിച്ച ശേഷമാകും എന്നാണ് തൃക്കാക്കര പോലീസ് പറയുന്നത്.