Asianet News MalayalamAsianet News Malayalam

പ്രളയ ഫണ്ട് തട്ടിപ്പ്: പരസ്പരം പഴിചാരി പ്രതികള്‍; സംശയകരമായ മുഴുവന്‍ ഇടപാടുകളും പരിശോധിക്കാന്‍ തീരുമാനം

ആയിരിക്കണക്കിനാളുകള്‍ക്ക് പെട്ടെന്ന് പണം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ മേല്‍നോട്ടക്കുറവുണ്ടായി എന്നാണ് നിഗമനം. ഇത് ചില ഉദ്യോഗസ്ഥര്‍ മുതലെടുത്തതാണ് തട്ടിപ്പിന് വഴിവെച്ചതെന്നാണ് കണ്ടെത്തല്‍. 

flood fund scam all suspicious transactions will be examined
Author
Kochi, First Published Mar 5, 2020, 2:41 PM IST

കൊച്ചി: 2018 മുതല്‍ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള സംശയകരമായ മുഴുവന്‍ ഇടപാടുകളും പരിശോധിക്കാന്‍ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട തട്ടിപ്പില്‍ കൂടുതല്‍ അക്കൗണ്ടുകളിലേക്ക് അനധികൃതമായി പണം കൈമാറിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനിടെ തട്ടിപ്പിലുള്‍പ്പെട്ട പ്രതികള്‍ പരസ്പരം പഴിചാരി രംഗത്ത് വന്നു.

സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട ലോബി പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്തതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് സമഗ്ര അന്വേഷണം നടത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. പരിഹാര സെല്‍ വഴിയാണ് പ്രളയ ബാധിതര്‍ക്കുള്ള തുക വിതരണം ചെയ്തത്. ആയിരിക്കണക്കിനാളുകള്‍ക്ക് പെട്ടെന്ന് പണം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ മേല്‍നോട്ടക്കുറവുണ്ടായി എന്നാണ് നിഗമനം. ഇത് ചില ഉദ്യോഗസ്ഥര്‍ മുതലെടുത്തതാണ് തട്ടിപ്പിന് വഴിവെച്ചതെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് 2018 മുതലുള്ള സംശയകരമായ എല്ലാ അക്കൗണ്ടുകളും പരിശോധിക്കാനുള്ള തീരുമാനം. ജില്ലാ കളക്ടർ എസ് സുഹാസാണ് ഇതുസംബന്ധിച്ച ഇത്തരവിട്ടത്. ഇതിനായി പ്രത്യേക ടീമും രൂപീകരിച്ചു. 

തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ചിന് ഈ വിവരങ്ങള്‍ കൈമാറും. ഇതിലൂടെ തട്ടിപ്പിന്‍റെ വ്യാപ്തി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിനിടെ ഇന്നലെ അറസ്റ്റിലായ മൂന്ന് പ്രതികളേയും വിജിലന്‍സ് കോടതി ജുഡീഷ്യല്‍  കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സിപിഎം തൃക്കാക്കര ലോക്കല്‍ കമ്മിറ്റി അംഗം എന്‍ എന്‍ നിധിന്‍, ഭാര്യ ഷിന്‍റു ജോര്‍ജ്, എം മഹേഷ് എന്നിവരെയാണ് റിമാന്‍റ് ചെയ്തത്. തട്ടിപ്പിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നും മഹേഷ് പറ്റിക്കുകയായിരുന്നുവെന്നും നിധിന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, കളക്ടറേറ്റിലെ ക്ലര്‍ക്കായ വിഷ്ണുവാണ് തട്ടിപ്പിനെ പിന്നിലെന്നും കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും മഹേഷ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios