Asianet News MalayalamAsianet News Malayalam

വീണ്ടും പ്രളയതട്ടിപ്പ്, കൊച്ചിയിൽ സിപിഎം നേതാവിന്‍റെ ഭാര്യയുടെ അക്കൗണ്ടിൽ രണ്ടര ലക്ഷം!

സിപിഎമ്മിന്‍റെ തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി കേന്ദ്രീകരിച്ച് പ്രളയഫണ്ടിൽ വൻ തട്ടിപ്പ് നടന്നുവെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതേ ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് 10.54 ലക്ഷമാണ് അനധികൃതമായി കൈമാറിയത്. കേസിൽ ദുരിതാശ്വാസ വകുപ്പിലെ ക്ലർക്ക് വിഷ്ണുദാസിനെ അറസ്റ്റ് ചെയ്തിരുന്നു. 

flood help fraud delhi two and a half lakh rupees given as fake flood help to cpim leaders wife account
Author
Thrikkakara, First Published Mar 4, 2020, 10:32 AM IST

കൊച്ചി: പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് കൊച്ചിയിൽ കൂടുതൽ സിപിഎം പ്രാദേശിക നേതാക്കളുടെ പേരുകൾ പുറത്തുവരികയാണ്. പ്രളയ ദുരിതാശ്വാസ ഫണ്ട് അനധികൃതമായി മറ്റൊരു സിപിഎം നേതാവിന് കൂടി അനുവദിച്ചതിന്‍റെ തെളിവാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരിക്കുന്നത്. സിപിഎമ്മിന്‍റെ തൃക്കാക്കര ലോക്കൽ കമ്മിറ്റി അംഗമായ നിഥിന്‍റെ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് കൈമാറിയതായി കണ്ടെത്തി. പ്രളയദുരിതാശ്വാസമെന്ന പേരിലാണ് കൈമാറിയിരിക്കുന്നത്. എന്നാൽ ഒരു രേഖയും സമർപ്പിക്കാതെ തികച്ചും അനധികൃതമായാണ് ഈ സഹായം നൽകിയതെന്ന്, ജില്ലാ കളക്ടർ കണ്ടെത്തിയിട്ടുണ്ട്. 

ഇതോടെ, സിപിഎമ്മിന്‍റെ തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി കേന്ദ്രീകരിച്ച് പ്രളയഫണ്ടിൽ വൻ തട്ടിപ്പ് നടന്നുവെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതേ ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറി അൻവറിന്‍റെ അക്കൗണ്ടിലേക്ക് 10.54 ലക്ഷമാണ് അനധികൃതമായി കൈമാറിയത്. കേസിൽ ദുരിതാശ്വാസ വകുപ്പിലെ ക്ലർക്ക് വിഷ്ണുദാസിനെ അറസ്റ്റ് ചെയ്തിരുന്നു.

പണമിടപാട് നടന്നതിങ്ങനെ:

സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ നിഥിന്‍റെ ഭാര്യ ഷിന്‍റു ജോർജിന്‍റെ പേരിലുള്ള ദേനാ ബാങ്കിലെ അക്കൗണ്ടിലേക്കാണ് രണ്ടര ലക്ഷം രൂപ ഇട്ടത്. ഈ തുക ഉടനടി എച്ച്ഡിഎഫ്‍സി ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ടു. അവിടെ നിന്ന് മുഴുവൻ തുകയും പിൻവലിക്കുകയും ചെയ്തു. 

പ്രളയസഹായത്തിന് ഒരു അർഹതയുമില്ലാത്ത നിഥിനും ഭാര്യയ്ക്കും എങ്ങനെ സഹായം കിട്ടിയെന്ന് ചോദിച്ചപ്പോൾ കേസിൽ അറസ്റ്റിലായ ക്ലർക്ക് വിഷ്ണുദാസിന് മറുപടിയുണ്ടായിരുന്നില്ല. ഈ തുക തിരിച്ച് പിടിക്കാൻ ജില്ലാ കളക്ടർ ദേനാ ബാങ്കിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഒരേ ലോക്കൽ കമ്മിറ്റിയിലുള്ള രണ്ട് പേർ ക്ലർക്കുമായി ചേർന്ന് തട്ടിപ്പ് നടത്തിയതാണോ, അതോ കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്ന കാര്യം വിശദമായി പരിശോധിച്ച് വരികയാണ്. നിലവിൽ ആദ്യം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ അൻവറിനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. 

ആദ്യം നടന്ന തട്ടിപ്പ് ഇങ്ങനെ!

എറണാകുളം കാക്കനാട് നിലംപതിഞ്ഞ മുകളിൽ താമസിക്കുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയം​ഗം എം എം അൻവറിനാണ് ജില്ലാ ഭരണകൂടം പത്തര ലക്ഷം രൂപ പ്രളയ ദുരിതാശ്വാസമായി അനുവദിച്ചത്. ജനുവരി 24-നാണ് അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാൽ ലക്ഷം രൂപയുടെ അവസാന ​ഗഡു എത്തിയത്. ആകെ കിട്ടിയത് 10,54,000 രൂപയിൽ നിന്ന് അൻവർ അഞ്ച് ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ജില്ലാ കളക്ട‌ർ പണം തിരിച്ചുപിടിച്ചു.

പ്രളയം പോയിട്ട് നല്ല മഴപോലും കൃത്യമായി കിട്ടാത്ത നിലംപതിഞ്ഞ മുകളിൽ എങ്ങനെയാണ് അൻവറിന് പ്രളയ ധനസഹായം കിട്ടുന്നതെന്ന് സംശയം തോന്നിയ സഹകരണ ബാങ്ക് അധികൃതർ ജില്ലാ കളക്ടടറെ കണ്ട് കാര്യം തിരക്കി. തുക അനധികൃതമായി അനുവദിച്ചതാണെന്ന് ബോധ്യമായി. ഇതോടെയാണ് പണം അടിയന്തരമായി തിരിച്ചുപിടിക്കാൻ ബാങ്കിന് കളക്ടർ നിർ‍ദ്ദേശം നൽകിയത്. 

പ്രളയ സഹായത്തിന് താൻ അപേക്ഷിച്ചിട്ടില്ലെന്നും എങ്ങനെയാണ് പണം എത്തിയതെന്ന് അറിയില്ലെന്നുമാണ് അൻവർ പാർട്ടിക്ക് നൽകിയ വിശദീകരണം. എന്നാൽ ഒന്നുമറിയാത്ത അൻവ‍ർ എങ്ങനെ അഞ്ച് ലക്ഷം രൂപ പിൻവലിച്ചെന്നത് ദുരൂഹമാണ്. പ്രളയത്തിൽ വീട് പൂർണ്ണമായും തക‌ർന്നവ‌ർക്ക് പോലും നാല് ലക്ഷം രൂപ പരമാവധി അനുവദിക്കാൻ മാത്രം നിർദ്ദേശമുള്ളപ്പോഴാണ് പത്തര ലക്ഷം രൂപ സിപിഎം നേതാവിന്‍റെ അക്കൗണ്ടിൽ എത്തിയത്. 

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു വിജിലൻസിനെയും മുഖ്യമന്ത്രിയെയും സമീപിച്ചിട്ടുണ്ട്.

ആദ്യഘട്ടധനസഹായമായ പതിനായിരം രൂപ പോലും കിട്ടാതെ വയനാട്ടിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേരളത്തിലാണ് ഒരു അർഹതയുമില്ലാത്ത സിപിഎം നേതാക്കൾ ഒരു രേഖയുമില്ലാതെ പണം തട്ടിയെടുക്കുന്ന സംഭവവും പുറത്തുവരുന്നത്. 

Follow Us:
Download App:
  • android
  • ios