പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയബാധിതരോട് സർക്കാർ ഉദ്യോഗസ്ഥരുടെ അവഗണന. ദുരിത മേഖലകളിലേക്കുള്ള ഗൃഹോപകരണങ്ങൾ താലൂക്ക് സർവ്വെ റിക്കാർഡ്സ് റൂമിൽ കെട്ടിക്കിടക്കുന്നു. വിതരണം പൂർത്തിയായതാണെന്ന വിചിത്രവാദവുമാണ് അധികൃതർ ഉന്നയിക്കുന്നത്. മറിച്ചുവിൽക്കാനുള്ള നീക്കമെന്നാണ് ആക്ഷേപം

പത്തനംതിട്ടയിലെ താലൂക്ക് സർവ്വെ റിക്കാർഡ്സ് റൂമിലാണ് നൂറുകണക്കിന് കസേരകളും ഗ്യാസ് അടുപ്പുകളും കെട്ടികിടക്കുന്നത്. പത്തനംതിട്ട നഗരത്തിലുള്ള കോഴഞ്ചേരി എൽ ആർ തഹസിൽദാരുടെ ഓഫീസിലെ റെക്കോർഡ് മുറിക്ക് പുറത്ത് നൂറിലധികം കസേരകളാണ് കൂട്ടിയിട്ടിരിക്കുന്നത്. അകത്ത് കേറിയാൽ ജീവനക്കാരിരിക്കുന്ന മുറിക്ക് സമീപം പാക്കറ്റ് പൊട്ടിക്കാതെ നിരവധി ഗ്യാസ് സ്റ്റൗവ്വുകളും സൂക്ഷിച്ചിരിക്കുന്നുണ്ട്.

പ്രളയക്കെടുതി മേഖലയിൽ ദുരിതം അനുഭവിക്കുന്നവ‍ർക്ക് നൽകാനാനായി വിവിധ കമ്പനികൾ നൽകിയവയാണിത്. കസേരയിൽ പവ്വർഗ്രിഡ് കോർപ്പറേഷന്‍റെയും സ്റ്റൗവിൽ ബിപിസിഎല്ലിന്‍റെയും സ്റ്റിക്കർ പതിച്ചിട്ടുമുണ്ട്. അതേസമയം ഓഫീസിൽ ഒരു സാധനവും കെട്ടികിടക്കുന്നില്ലെന്നും ലഭിച്ച ഉപകരണങ്ങളെല്ലാം വിതരണം ചെയ്തുവെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

തെരഞ്ഞെടുപ്പ് ആയതിനാൽ നേരത്തെ സാധനങ്ങളുടെ വിതരണ ചുമതല നിർവ്വഹിച്ച ഉദ്യോഗസ്ഥർ സ്ഥലം മാറിപോയെന്നും നിലവിലെ തഹസിൽദാർ വിശദമാക്കുന്നു. ഉപകരണങ്ങൾ മറിച്ചു കൊടുക്കാനാണ് ഇങ്ങിനെ സൂക്ഷിച്ചതെന്നും ആക്ഷേപം ഉയരുന്നുണ്ട്. പ്രളയത്തിൽ വസ്തുവകകൾ നഷ്ടമായ നൂറുകണക്കിന് പേരാണ് ജില്ലയിലുള്ളത്. സർവ്വതും നഷ്ടമായവർക്ക് സർക്കാർ പ്രഖ്യാപിച്ച ആശ്വാസ സഹായം പോലും കിട്ടില്ലെന്ന് പരാതികൾ ഉയരുമ്പോഴാണ് അധികൃതരുടെ ഈ അനാസ്ഥ.