കോഴിക്കോട്: മഴക്കാലത്തിന് മുന്‍പ് അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കണമെന്ന നിര്‍ദ്ദേശം കെഎസ്ഇബി പാലിച്ചില്ല. വടക്കന്‍ കേരളത്തിലെ രണ്ട് പ്രധാന അണക്കെട്ടുകളിലെയും ജലനിരപ്പ് ഈ കാലയളവില്‍ ഉണ്ടാകേണ്ടതിനേക്കാള്‍ പതിനഞ്ച് ശതമാനത്തോളം കൂടുതലാണ്. ജലനിരപ്പ് ഉടന്‍ കുറച്ചില്ലെങ്കില്‍ പ്രളയ സാധ്യതയെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അണക്കെട്ടുകള്‍ യഥാസമയം തുറക്കാതിരുന്നതാണ് കഴിഞ്ഞ രണ്ട് തവണത്തേയും പ്രളയത്തിന് കാരണമെന്നാണ് വിമര്‍ശനം. ഈ പശ്ചാത്തലത്തിലാണ് വീണ്ടും പ്രളയം ഉണ്ടാകാതിരിക്കാന്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കാന്‍ നിര്‍ദ്ദേശം ഉയര്‍ന്നത്. എന്നാൽ, വടക്കന്‍ കേരളത്തിലെ പ്രധാന അണക്കെട്ടുകളായ ബാണാസുര സാഗര്‍, കക്കയം എന്നിവയില്‍ മഴ കൂടിയാല്‍ താങ്ങാനാവാത്ത ജലനിരപ്പാണ് ഉള്ളത്. അണക്കെട്ടുകളില്‍ നിന്ന് വെള്ളം ഒഴിവാക്കുന്നതിന് ഇതുവരെ കെഎസ്ഇബി പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടില്ല. 

ജൂണ്‍ പത്തിന് ശേഷം ഇക്കാര്യത്തില്‍ നടപടി തുടങ്ങാനാണ് കെഎസ്ഇബിയുടെ ആലോചന. അണക്കെട്ടുകളില്‍ മഴക്കാലത്ത് പരമാവധി സംഭരണം അറുപത് മുതല്‍ അറുപത്തഞ്ച് ശതമാനം വരെ മാത്രം നിലനിര്‍ത്തുന്നതാണ് സുരക്ഷിതം എന്നാണ് വിദഗ്ദരുടെ അഭിപ്രായം. എത്രയും പെട്ടെന്ന് രണ്ട് അണക്കെട്ടുകളും പടിപിടിയായി തുറന്ന് ജലനിരപ്പ് കുറച്ചില്ലെങ്കില്‍ ഇത്തവണയും മലബാര്‍ പ്രളയത്തില്‍ മുങ്ങുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.