കൽത്തൂണുകൾ സ്ഥാപിച്ചു, പതിനെട്ടാം പടിക്ക് മുകളിൽ ഫോൾഡിങ് റൂഫ് വരുന്നു, സീസണ് മുമ്പ് പൂർത്തിയാക്കും
ശബരിമലയിൽ പതിനെട്ടാംപടിക്ക് മുകളിൽ സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിന്‍റെ നിർമ്മാണം സീസൺ തുടങ്ങും മുൻപ് പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ്.

പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാംപടിക്ക് മുകളിൽ സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിന്‍റെ നിർമ്മാണം സീസൺ തുടങ്ങും മുൻപ് പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ്. പടിപൂജയ്ക്ക് മഴ തടസ്സമാകാതിരിക്കാനും, പതിനെട്ടാംപടിയുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ് മേൽക്കൂര ഒരുക്കുന്നത്. ആവശ്യമുള്ളപ്പോൾ മേൽക്കൂരയായും അല്ലാത്തപ്പോൾ ഇരുവശങ്ങളിലേക്ക് മടക്കിവെയ്ക്കാവുന്ന രീതിയിലുമാണ് ഫോൾഡിംഗ് റൂഫ് സ്ഥാപിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പടിപൂജ, മഴ സമയത്ത് ടാർപ്പോളിൻ കെട്ടിയാണ് നടത്തുന്നത്. പുതിയ മേൽക്കൂര വന്നാൽ പൂജകൾ സംഗമമായി നടത്താം.
മാത്രമല്ല, സ്വർണ്ണം പൂശിയ പടിനെട്ടാംപടിയുടെ സംരക്ഷണവും ഉറപ്പാക്കാം. കൊത്തുപണിയോട് കൂടിയ കൽത്തൂണുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇനി മേൽക്കൂരയ്ക്ക് വേണ്ട ഗ്ലാസിന്‍റെ നിർമ്മാണമാണ് ബാക്കിയുള്ളത്. കഴിഞ്ഞ സീസണ് മുൻപ് തുടങ്ങിയ ജോലികൾ ഇടയ്ക്ക് നിലച്ചുപോയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ കമ്പനി വഴിപാടായാണ് ഫോൾഡിംഗ് റൂഫ് നിർമിക്കുന്നത്. മുൻപ് പതിനെട്ടാംപടിക്ക് മുകളിൽ കണ്ണാടി മേൽക്കൂര സ്ഥാപിച്ചെങ്കിലും ദേവപ്രശ്നത്തിൽ സൂര്യപ്രകാശം കൊടിമരത്തിൽ നേരിട്ട് പതിക്കുന്നില്ലെന്ന് കണ്ടതോടെ പൊളിച്ചുമാറ്റുകയായിരുന്നു.
Read more: ശബരിമല തീര്‍ത്ഥാടനം: പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും, അവലോകന യോഗത്തിലെ തീരുമാനങ്ങള്‍
അതേസമയം, ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ എല്ലാ വകുപ്പുകളും ദേവസ്വം ബോര്‍ഡും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗം തീരുമാനിച്ചിരുന്നു. ഓരോ വകുപ്പുകളെയും ചുമതലപ്പെടുത്തിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. തീര്‍ത്ഥാടകര്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കിയിട്ടുണ്ട്. ഇതില്‍ ജാഗ്രതയോടെയുള്ള നിരീക്ഷണം ഉണ്ടാകണം. ശബരിമലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ട്രഷറി നിയന്ത്രണമൊഴിവാക്കുന്നതിന് നടപടി സ്വീകരിക്കും.
ശബരിമലയും ബന്ധപ്പെട്ട ഇടങ്ങളും വൃത്തിയോടെ സൂക്ഷിക്കണം. ഇതില്‍ വിശുദ്ധിസേനാംഗങ്ങള്‍ നല്ല പ്രവൃത്തനം നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. അവരുടെ വേതനക്കാര്യം ദേവസ്വം ബോര്‍ഡ് അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ശബരിമലയിലെ വിര്‍ച്വല്‍ ക്യൂ പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച് പൊലീസ് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ശബരിമലയില്‍ നിന്ന് നിലയ്ക്കലിലേക്കും തിരിച്ചും കണ്ടക്ടര്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഡ്രൈവര്‍ തന്നെയാണ് ടിക്കറ്റ് നല്‍കുന്നത്. ഈ രീതി തുടരുന്നതാണ് ഉചിതമെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം