തനിക്ക് 12 വയസ്സുള്ളപ്പോൾ മുതൽ അച്ഛനോടൊപ്പം ജോലിക്ക് പോകുമായിരുന്നുവെന്ന് ക്രുനാൽ പറഞ്ഞു. പാസ്‌പോർട്ട് ഏജന്‍റ്, കാർ ബ്രോക്കർ തുടങ്ങി നിരവധി ജോലികളാണ് താന്‍ കൗമാരപ്രായത്തിൽ ചെയ്തിരുന്നതെന്ന് ക്രുനാല്‍ പറഞ്ഞു.

ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തുടർച്ചയായ രണ്ടാം തവണയും കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ക്രുനാൽ പാണ്ഡ്യ. ഐപിഎല്ലിലെ സൂപ്പര്‍ താരങ്ങളിലൊരാളാണെങ്കിലും തന്‍റെ കുട്ടിക്കാലത്തെ കഠിനമായ ജീവിതസാഹചര്യങ്ങളെക്കുറിച്ചും ക്രിക്കറ്റിലേക്ക് എത്തുന്നതിന് മുൻപ് ചെയ്ത പലതരത്തിലുള്ള ജോലികളെക്കുറിച്ചും മനസ് തുറക്കുകയാണ് ആര്‍സിബിയുടെ ക്ലച്ച് പ്ലേയറായ ക്രുനാല്‍. ആർസിബിയുടെ ഐപിഎൽ കിരീടനേട്ടത്തിന് പിന്നാലെ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ക്രുനാല്‍ തന്‍റെ പടിപടിയായുള്ള ഉയര്‍ച്ചയെക്കുറിച്ച് തുറന്നു പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തനിക്ക് 12 വയസ്സുള്ളപ്പോൾ മുതൽ അച്ഛനോടൊപ്പം ജോലിക്ക് പോകുമായിരുന്നുവെന്ന് ക്രുനാൽ പറഞ്ഞു. പാസ്‌പോർട്ട് ഏജന്‍റ്, കാർ ബ്രോക്കർ തുടങ്ങി നിരവധി ജോലികളാണ് താന്‍ കൗമാരപ്രായത്തിൽ ചെയ്തിരുന്നതെന്ന് ക്രുനാല്‍ പറഞ്ഞു. ജീവിതത്തിൽ കഠിനമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ എനിക്കിഷ്ടമാണ്. കാരണം ചെറുപ്പകാലം മുതൽ ഞാൻ അത്തരം സാഹചര്യങ്ങളിലൂടെയാണ് കടന്നുവന്നത്. എനിക്ക് 11-12 വയസ്സുള്ളപ്പോൾ ഞാൻ അച്ഛനോടൊപ്പം ജോലിക്ക് പോകുമായിരുന്നു. അച്ഛൻ ഒരു പാസ്‌പോർട്ട് ഏജന്‍റ് ആയിരുന്നു. ബിസിനസിലും ജീവിതത്തിലും അച്ഛനും അമ്മയും നേരിട്ട പ്രതിസന്ധികൾ ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ കണ്ടറിഞ്ഞു. ജീവിതം എത്രത്തോളം കഠിനമാണെന്ന് ഞാൻ മനസ്സിലാക്കുന്നത് അങ്ങനെയാണ്. 14-15 വയസ്സായപ്പോഴേക്കും ഞാൻ സ്വയം ഒരു പാസ്‌പോർട്ട് ഏജന്‍റായി മാറി. തുടക്കത്തില്‍ ആളുകൾക്ക് റേഷൻ കാർഡ് ഉണ്ടാക്കിക്കൊടുക്കലായിരുന്നു എന്‍റെ ജോലി.

അതുപോലെ പാസ്‌പോർട്ടിനായുള്ള അഫിഡവിറ്റുകൾ തയ്യാറാക്കുക, പേപ്പർവർക്കുകൾ ചെയ്യുക, റേഷൻ കാർഡും കറന്‍റ് ബില്ലും ഐഡി പ്രൂഫുകളും വാങ്ങി ഓൺലൈനായി ഫോമുകൾ പൂരിപ്പിക്കുക, പേര് തിരുത്തലുകൾക്കായി വിവിധ ഓഫീസുകളിൽ നേരിട്ട് പോവുക തുടങ്ങിയ ജോലികളെല്ലാം താൻ ചെയ്തിട്ടുണ്ടെന്നും ക്രുനാൽ പറഞ്ഞു. നിലവിൽ ഐപിഎൽ കരിയറിൽ നിന്ന് മാത്രം 75 കോടിയിലധികം രൂപയാണ് ക്രുനാലിന്‍റെ സമ്പാദ്യം. 2025-ലെ ഐപിഎൽ മെഗാ ലേലത്തിൽ 5.75 കോടി രൂപയ്ക്കാണ് ക്രുനാല്‍ ആർസിബിയിൽ എത്തിയത്. എന്നാൽ മുൻപ് സെക്കൻഡ് ഹാൻഡ് കാറുകൾ വിറ്റ് വെറും 3000 രൂപ കമ്മീഷൻ വാങ്ങിയിരുന്ന ഒരു കാലം തനിക്കുണ്ടായിരുന്നുവെന്ന് ക്രുനാൽ വെളിപ്പെടുത്തി.

ഒരു കാലത്ത് ഞാൻ കാർ ബ്രോക്കറായിരുന്നു. 3-4 ലക്ഷം രൂപ വിലവരുന്ന സെക്കൻഡ് ഹാൻഡ് കാറുകൾ വിൽക്കുമ്പോൾ 3000 രൂപയായിരുന്നു കമ്മീഷനായി ലഭിക്കുക. വളരെ ചെറിയ പ്രായത്തിൽ തന്നെ ജീവിതത്തെ അതിന്‍റെ എല്ലാ കോണുകളിൽ നിന്നും ഞാൻ കണ്ടു. അതുകൊണ്ടാണ് ക്രിക്കറ്റ് ഗ്രൗണ്ടിലും ഞാൻ ഒരിക്കലും വിട്ടുകൊടുക്കാത്തത്. കളി കടുപ്പമാകുമ്പോൾ ജയിക്കണം എന്ന വാശി എന്നിലുണ്ടാകുന്നത് ഈ ജീവിതാനുഭവങ്ങളിൽ നിന്നാണ്. നിങ്ങൾ എങ്ങനെയാണോ ജീവിതം ജീവിക്കുന്നത്, അങ്ങനെ മാത്രമേ ഗ്രൗണ്ടിലും കളിക്കാൻ സാധിക്കൂ - ക്രുണാൽ പറഞ്ഞു.

കഴിഞ്ഞ സീസണിലെ ഫൈനലിൽ 17 റൺസിന് 2 വിക്കറ്റ് വീഴ്ത്തി പ്ലെയർ ഓഫ് ദി മാച്ച് ആയ ക്രുനാൽ, ഈ സീസണിലും ആർസിബിയുടെ അവിഭാജ്യ ഘടകമായിരുന്നു. സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തിയ താരം, ബാറ്റിങ്ങിലും 226 റൺസ് സംഭാവന ചെയ്തു. ഡൽഹി ക്യാപിറ്റൽസിനെതിരെ പുറത്താകാതെ നേടിയ 73 റൺസ് ഈ സീസണിലെ താരത്തിന്‍റെ മികച്ച പ്രകടനങ്ങളിലൊന്നാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക