Asianet News MalayalamAsianet News Malayalam

ഭക്ഷ്യസുരക്ഷ പരിശോധന: കൊല്ലത്ത് 10 ഹോട്ടലുകൾ പൂട്ടിച്ചു; കോട്ടയത്തും പൂട്ട് വീണു, സംസ്ഥാന വ്യാപകമായി തുടരുന്നു

ലൈസൻസില്ലാത്ത 7 ഹോട്ടലുകൾ അടപ്പിച്ചു; വൃത്തിഹീനമായി പ്രവർത്തിച്ചത് 3 ഹോട്ടലുകൾ; സംസ്ഥാനവ്യാപക പരിശോധന തുടരുന്നു

food safety inspection continues in kerala
Author
Kollam, First Published May 7, 2022, 6:18 PM IST

കൊല്ലം: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയെ തുടർന്ന് ജില്ലയിൽ ഇന്ന് 10 ഹോട്ടലുകൾ പൂട്ടി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 7 ഹോട്ടലുകൾക്കും  വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച മൂന്ന് ഹോട്ടലുകൾക്കെതിരേയും ആണ് നടപടി എടുത്തത്. എട്ട് ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 30 കിലോ കോഴിയിറച്ചി പിടികൂടി നശിപ്പിച്ചു. രണ്ട് സ്ഥാപനങ്ങളിൽ നിന്ന് പിഴയീടാക്കിയതായും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധന രാത്രിയിലും തുടരും. 

സംസ്ഥാനവ്യാപക പരിശോധന തുടരുന്നു

കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ മിന്നൽ പരിശോധന. നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴകിയ ചിക്കൻ കറിയും, ചോറും ഫ്രൈഡ് റൈസും, അച്ചാറുകളുമാണ് പിടിച്ചെടുത്തത്. ഇവരിൽ നിന്നും പിഴ ഈടാക്കാൻ നോട്ടീസ് നൽകി. ബാർ ഹോട്ടലുകളിലേക്കും സ്റ്റാർ ഹോട്ടലുകളിലേക്കും മാർജിൻഫ്രീ ഷോപ്പുകളിലേക്കും ഭക്ഷ്യ സുരക്ഷാ-തദ്ദേശ വകുപ്പുകൾ പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ്. 

തിരുവനന്തപുരം നെടുമങ്ങാട്ടെ ബാർ ഹോട്ടൽ സൂര്യ, ഇന്ദ്രപ്രസ്ഥ, സെൻട്രൽ പ്ലാസ എന്നിവിടങ്ങളിൽ പരിശോധന നടന്നു. വൃത്തിഹീനമായി സൂക്ഷിച്ച ചിക്കൻ, ബീഫ്, മുട്ട, പൊറോട്ട ഉൾപ്പെടെ കണ്ടെത്തി. എസ്.യു.ടി ആശുപത്രിയിലെ മെസ്സിൽ നിന്നും കാന്‍റീനില്‍ നിന്നുമായി പഴകിയ മീനും എണ്ണയും കണ്ടെത്തി. വാളിക്കോട് ജംഗ്ഷനിലെ കോട്ടൂരാൻ എന്ന കട പൂട്ടി. കച്ചേരി ജംഗ്ഷനില്‍ മാർജിൻഫ്രീ ഷോപ്പിൽ സാധനങ്ങൾ വെച്ച മുറിയിൽ എലിയെ പിടിക്കാൻ കൂടുവെച്ച നിലയിലായിരുന്നു. നോട്ടീസ് നൽകി. തിരുവനന്തപുരം നഗരത്തിലും വ്യാപക പരിശോധന നടക്കുകയാണ്. പ്രധാന ഹോട്ടലുകളെത്തന്നെ കേന്ദ്രീകരിച്ചാണ് പരിശോധന. നാല് സ്ക്വാഡുകളാണ് ചുറ്റുന്നത്. 

കാസർകോട്, തമിഴ്നാട്ടിൽ നിന്നെത്തിച്ച 200 കിലോ മീനാണ് പിടിച്ചെടുത്തത്. വിൽപ്പനയ്ക്കായി മാർക്കറ്റിലെത്തിച്ചതായിരുന്നു.  കൊച്ചിയിലും  ഇടുക്കിയിലും ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലുകളിൽ പരിശോധന തുടരകയാണ്.  തൊടുപുഴയിലെ നാല് സ്ഥാപനങ്ങൾ അടക്കാൻ നിർദ്ദേശം നൽകി. 12 ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. 

Follow Us:
Download App:
  • android
  • ios