ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥരില്‍ നിന്നും സമിതി അംഗങ്ങള്‍ തെളിവെടുപ്പ് നടത്തി.
കാസര്‍കോട്: കാസര്‍കോട്ട് ഭക്ഷ്യ സുരക്ഷാ ലാബ് വേണമെന്ന ആവശ്യം സര്‍ക്കാരിനെ അറിയിക്കുമെന്ന് നിയമസഭാ സമിതി ചെയര്‍മാന്‍ പ്രമോദ് നാരായണന്‍ എംഎല്‍എ. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥരില്‍ നിന്നും സമിതി അംഗങ്ങള്‍ തെളിവെടുപ്പ് നടത്തി. കാസർകോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിയമസഭാ സമിതി തെളിവെടുപ്പ് നടത്തിയത്. സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് നിയമസഭാ സമിതിയുടെ പ്രതീക്ഷ.
എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിത പ്രദേശമായ കാസർകോട് ജില്ലയില്‍ പഴം-പച്ചക്കറി ഉത്പ്പന്നങ്ങളിലെ കീടനാശിനി പ്രയോഗം നിരീക്ഷിക്കണമെന്നും പഴുതടച്ചതും കാര്യക്ഷമമായതുമായ പ്രവര്‍ത്തനമാണ് ഇതിനാവശ്യമെന്നും സമിതി വിലയിരുത്തി. കര്‍ണ്ണാടകയില്‍ നിന്നും വരുന്ന വിവിധ ബ്രാന്‍റുകളുടെ പാലുകള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തണമെന്നും നിയമസഭാ സമിതി നിര്‍ദ്ദേശിച്ചു. ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവനന്ദയുടെ വീട് സമിതി അംഗങ്ങൾ സന്ദര്‍ശിച്ചു. ചെറുവത്തൂര്‍ മട്ടലായിലെ സഹോദരിക്കൊപ്പമാണ് ദേവനന്ദയുടെ അമ്മ പ്രസന്ന ഇപ്പോഴുള്ളത്. ഈ വീട്ടിലായിരുന്നു സന്ദര്‍ശനം നടത്തിയത്.
