കോഴിക്കോട്: ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പിയ കോഴിക്കോട്ടെ ഇന്ത്യന്‍ കോഫീ ഹൗസ് പൊലീസെത്തി അടപ്പിച്ചു. കോഫീ ഹൗസ് മാനേജര്‍ക്കും ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്ക് എതിരെയും കേസെടുത്തു. ആറുപേര്‍ക്ക് എതിരെയാണ് ഇതുവരെ കേസെടുത്തത്. ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതിന് പിന്നാലെ കോഫീ ഹൗസില്‍ നിരവധി പേരാണ് എത്തിയത്. തുടര്‍ന്ന് പൊലീസെത്തിയാണ് ഹോട്ടല്‍ അടപ്പിച്ചത്. 

കോഫീ ഹൗസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് ദിവസമായെന്ന് ഭക്ഷണം കഴിക്കാനെത്തിയവര്‍ പറഞ്ഞു. തുടക്ക സമയത്ത് കോഫീ ഹൗസിന്‍റെ പുറക് വശത്തുള്ള ഭാഗത്തായിരുന്നു ഭക്ഷണം വിളമ്പിയത്. എന്നാല്‍ ആളുകള്‍ കൂടിയതോട് കൂടി റോഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് ഭക്ഷണം വിളമ്പുകയായിരുന്നു. പുറകിലുള്ള വാതില്‍ വഴിയാണ് ആളുകള്‍ ഇവിടേക്ക് പ്രവേശിച്ചിരുന്നത്. ഹോട്ടലുകളില്‍ പാഴ്‍സല്‍ സൗകര്യത്തിന് മാത്രമാണ് നിലവില്‍ അനുമതിയുള്ളത്. ഇത് ലംഘിച്ചാണ് കോഫീ ഹൗസില്‍ ആളുകളെ ഇരുത്തി ഭക്ഷണം നല്‍കിയത്.