കോഴിക്കോട്:  വിദേശത്ത് നിന്ന് മടങ്ങുന്ന പ്രവാസികളെ ക്വാറന്‍റൈന്‍ ചെയ്യാന്‍ കോഴിക്കോട് ജില്ലയില്‍ 567 കേന്ദ്രങ്ങള്‍. മികച്ച ക്വാറന്‍റൈന്‍ സൗകര്യം വേണ്ടവര്‍ പണം നല്‍കണം. പണം നല്‍കിയാല്‍ ഹോട്ടല്‍ മുറിയില്‍ ക്വാറന്‍റൈന്‍ ചെയ്യും. അയ്യായിരം മുറികളും 35000 ഡോര്‍മെറ്ററികളുമാണ് പ്രവാസികള്‍ക്കായി  ക്രമീകരിക്കുന്നത്. ഇവര്‍ക്കുള്ള ഭക്ഷണം നല്‍കുന്നത് കുടുംബശ്രീയായിരിക്കും. രോഗബാധയുള്ളവരുടെ ചികിത്സയ്ക്കായി രണ്ട് സ്വകാര്യ ആശുപത്രികളും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളവും തുറമുഖവും പൂര്‍ണ്ണ സജ്ജമായി. നെടുമ്പാശ്ശേരിയില്‍ ആദ്യ ഘട്ടത്തില്‍, 10 വിമാനങ്ങളിലായി 2150 പേരാണ് എത്തുക. മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തിലാക്കാൻ 4000 വീടുകളും സജ്ജമാക്കിയിട്ടുണ്ട്. ആദ്യ ദിനം കേരളത്തിലേക്കെത്തുക നാല് വിമാനങ്ങളായിരിക്കും. ഇതില്‍ അബുദാബിയില്‍ നിന്നും ദോഹയില്‍ നിന്നുമുള്ള വിമാനങ്ങളാണ് കൊച്ചിയിലേക്ക് വരുന്നത്. രണ്ടുവിമാനങ്ങളിലുമായി 400 പേരെത്തും. 

കൈകള്‍ ഉള്‍പ്പെടെ ശുചിയാക്കിയശേഷം മാത്രമേ ഇവരെ എയറോ ബ്രിഡ്‍ജില്‍ നിന്ന് ടെര്‍മിനലിലേക്ക് കടത്തിവിടൂ. ബാഗേജും അണുവിമുക്തമാക്കും. നേരെ ഹെല്‍ത്ത് കൗണ്ടറിലേക്ക്. തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് താപനില പരിശോധിക്കും. ചൂട് കൂടുതലോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ആംബുലൻസില്‍ ആശുപത്രിയില്‍ എത്തിക്കും. മറ്റുള്ളവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇതിനായി ഗ്രാമപഞ്ചായത്ത് പരിധിയില്‍ 2200 വീടുകളും മുനിസിപ്പാലിറ്റി പരിധിയില്‍ 2000 വീടുകളും കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ഡബിള്‍ ചേംബര്‍ ടാക്സി കാറുകളിലാകും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുക. 

ഒരു വിമാനത്തിലെ മുഴുവൻ യാത്രക്കാരും പോയ ശേഷം വിമാനത്താവളം പൂര്‍ണ്ണമായും അണുവിമുക്തമാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിമാനത്താവള ജീവനക്കാര്‍ക്കും  പ്രത്യേക പരിശീലനവും പൂര്‍ത്തിയാക്കി. മാലിദ്വീപില്‍ നിന്ന് കപ്പലില്‍ കൊച്ചിയിലെത്തുന്നവരെയും സമാന രീതിയില്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.