കേരളത്തിന്റെ അനുഷ്ഠാനകലാ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന തെയ്യരൂപവും ശാസ്ത്രീയ കലാപാരമ്പര്യത്തിന്റെ പ്രതീകമായ കഥകളി രൂപവുമായിരുന്നു നിശ്ചലദൃശ്യത്തിന്റെ പ്രധാന ആകർഷണങ്ങൾ. 53 നിശ്ചലദൃശ്യങ്ങളും 50 കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി അണിനിരന്നു.

മൈസൂരു: കർണാടകയുടെ വിഖ്യാതമായ മൈസൂരു ദസറ ജംബൂസവാരിയിൽ ആദ്യമായി കേരളത്തിന്റെ നിശ്ചലദൃശ്യം അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, തനതായ കലാരൂപങ്ങൾ, പ്രകൃതിസൗന്ദര്യം, സാംസ്കാരിക വൈവിധ്യം എന്നിവ പ്രതിഫലിപ്പിച്ച അവതരണം ഘോഷയാത്രയിലെ ശ്രദ്ധേയമായ സാന്നിധ്യമായി. കർണാടക സർക്കാരിന്റെ ക്ഷണപ്രകാരമാണ് കേരളം ജംബൂസവാരിയിൽ പങ്കെടുത്തത്. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങിലെ വിശിഷ്ടാതിഥികളിൽ ഒരാളായിരുന്നു. ഒക്ടോബർ 21ന് ഉച്ചയ്ക്ക് രണ്ടിന് മൈസൂരു കൊട്ടാരത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്ര വൈകിട്ട് 6.45ന് ബന്നിമണ്ഡപിൽ സമാപിച്ചു. 53 നിശ്ചലദൃശ്യങ്ങളും 50 കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി അണിനിരന്നു.

കേരള സർക്കാരിന്റെ നിർദേശപ്രകാരം സാംസ്കാരിക വകുപ്പാണ് നിശ്ചലദൃശ്യത്തിന്റെ രൂപകൽപ്പന, ഒരുക്കം, അവതരണം എന്നിവയുടെ ഏകോപനം നിർവഹിച്ചത്. കേരളത്തിന്റെ അനുഷ്ഠാനകലാ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന തെയ്യരൂപവും ശാസ്ത്രീയ കലാപാരമ്പര്യത്തിന്റെ പ്രതീകമായ കഥകളി രൂപവുമായിരുന്നു നിശ്ചലദൃശ്യത്തിന്റെ പ്രധാന ആകർഷണങ്ങൾ. സംസ്ഥാനത്തിന്റെ ആഗോള സാംസ്കാരിക സ്വത്വത്തെ പ്രതീകവത്കരിക്കുന്ന പ്രകാശപൂരിതമായ ഭൂഗോളവും കേരളത്തിന്റെ പ്രകൃതിസവിശേഷതകൾ അവതരിപ്പിക്കുന്ന തെങ്ങുകളും ഹരിതാഭമായ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുത്തി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കേരളീയ ചുവർചിത്രങ്ങളുടെ സവിശേഷതകൾ ഉൾക്കൊള്ളുന്ന വള്ളത്തിന്റെ മാതൃക സംസ്ഥാനത്തിന്റെ ജലസാംസ്കാരിക പാരമ്പര്യവും കായൽസൗന്ദര്യവും പ്രതിഫലിപ്പിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയും അവതരണത്തിന് മികവേകി. കലയും പ്രകൃതിയും സാമൂഹിക വൈവിധ്യവും സമന്വയിക്കുന്ന കേരളത്തിന്റെ സവിശേഷതകൾക്കൊപ്പം സംസ്ഥാനത്തിന്റെ വിനോദസഞ്ചാര സാധ്യതകളും നിശ്ചലദൃശ്യത്തിലൂടെ അവതരിപ്പിച്ചു. പദ്ധതിയുടെ ഏകോപന ചുമതല ഐ.എ.എസ്. ഉദ്യോഗസ്ഥൻ രത്തൻ യു. കേൽക്കറിനായിരുന്നു. സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടർ നിഷ ആന്റണിയായിരുന്നു കേരളത്തിന്റെ പങ്കാളിത്തത്തിന്റെ നിർവഹണ ചുമതല വഹിച്ചത്. ഡയറക്ടറേറ്റിലെ മറ്റ് അഞ്ച് ജീവനക്കാരും പരിപാടിയുടെ ഏകോപനത്തിലും സംസ്ഥാനത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലും പങ്കാളികളായി.

മൈസൂരു ദസറ പോലുള്ള ദേശീയ-അന്തർദേശീയ ശ്രദ്ധയാകർഷിക്കുന്ന സാംസ്കാരിക വേദിയിൽ കേരളത്തിന് ആദ്യമായി നിശ്ചലദൃശ്യം അവതരിപ്പിക്കാൻ കഴിഞ്ഞത് സംസ്ഥാനത്തിന്റെ കലാ-സാംസ്കാരിക പൈതൃകത്തിന്റെ പ്രചാരണത്തിൽ സുപ്രധാന നേട്ടമാണ്. അയൽസംസ്ഥാനങ്ങളായ കേരളവും കർണാടകയും തമ്മിലുള്ള സാംസ്കാരിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേരളത്തിന്റെ കലാപാരമ്പര്യവും വിനോദസഞ്ചാര ആകർഷണങ്ങളും വിശാലമായ ജനവിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനും ഈ പങ്കാളിത്തം സഹായകമായി.