തിരുവനന്തപുരം: ജപ്പാൻ - കൊറിയ സന്ദർശനം വൻ വിജയമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല നിർണായക തീരുമാനങ്ങളും ഈ സന്ദർശനത്തിൽ സ്വീകരിക്കാനായി. ജപ്പാന്‍റെയും കൊറിയയുടെയും സഹകരണം വിദ്യാഭ്യാസമടക്കമുള്ള വിവിധ മേഖലകളിൽ സംസ്ഥാനത്തിന് ഉറപ്പാക്കാനായെന്നും കേരളത്തിലേക്ക് 200 കോടി രൂപയുടെ നിക്ഷേപമെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

വിദേശസന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ ചെലവ് സർക്കാരാണോ വഹിച്ചത് എന്ന് ചോദിച്ചപ്പോൾ അത്തരത്തിലുള്ള അൽപത്തം സർക്കാർ കാണിക്കില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരു യാത്രയിലും അങ്ങനെ ഉണ്ടായിട്ടില്ല. കുടുംബാംഗങ്ങളുടെ ചെലവ് ഒരിക്കലും സർക്കാർ വഹിച്ചിട്ടില്ല. അങ്ങനെ വഹിക്കാനാകില്ല. പ്രതിപക്ഷം ഉന്നയിക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് ഉല്ലാസയാത്ര ആയിരുന്നോ എന്ന് ഒപ്പമുള്ളവരോട് ചോദിച്ചാൽ മതി. വിവിധ മേഖലകളിലെ വികസനത്തിന് സന്ദർശനം ഗുണം ചെയ്തിട്ടുണ്ട്. വിദേശ സന്ദർശനം നടത്തിയപ്പോഴൊക്കെ അത് സംസ്ഥാനത്തിന് ഗുണം ചെയ്തിട്ടുണ്ട്. ജപ്പാൻ, കൊറിയ സന്ദർശനം യുവജനങ്ങളെ മുന്നിൽ കണ്ടെന്നും പിണറായി വ്യക്തമാക്കി. ജപ്പാനിലെ വ്യവസായികൾക്ക് കേരളത്തെക്കുറിച്ച് നല്ല മതിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'അലനും താഹയും മാവോയിസ്റ്റുകൾ'

അറസ്റ്റിലായ സിപിഎം പ്രവർത്തകരായ അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകൾ തന്നെയാണെന്ന് തെളിഞ്ഞതല്ലേയെന്ന് മുഖ്യമന്ത്രി. അവർ സിപിഎം പ്രവർത്തകരല്ല. മാവോയിസ്റ്റുകൾ തന്നെയാണ്. അതിലെന്താ സംശയമിരിക്കുന്നത് - എന്ന് ചോദിച്ച മുഖ്യമന്ത്രി കൂടുതലൊന്നും സംസാരിക്കാൻ തയ്യാറായില്ല. 

ഹെലികോപ്റ്റർ ധാരണയെ ന്യായീകരിച്ച് മുഖ്യമന്ത്രി

ഇതിനിടെ ഏറെ വിവാദമായ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. പവൻ ഹൻസുമായി ഉണ്ടാക്കിയ ധാരണയിൽ തെറ്റില്ല. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ സ്വകാര്യ കമ്പനികളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചിട്ടില്ല. കേരളത്തിന്‍റെ സാഹചര്യത്തിൽ ഹെലികോപ്റ്റർ വേണോയെന്ന ചോദ്യം ആപേക്ഷികം മാത്രമാണ്. നിലവിൽ പൊലീസിന്‍റെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. ഇത് പ്രകൃതിദുരന്തങ്ങൾ പോലുള്ള അത്യാപത്തുകൾക്ക് ഉപയോഗിക്കുമെന്നത് ഉറപ്പാണ്. അത്തരം അടിയന്തരസാഹചര്യങ്ങൾ വന്ന് കഴിഞ്ഞാൽ ഹെലികോപ്റ്റർ ഉപയോഗിക്കേണ്ടി വരുമെന്നത് ഉറപ്പാണ്. ഇത് കഴിഞ്ഞ പ്രളയകാലത്തും, കനത്ത മഴ പെയ്ത സമയത്തും വ്യക്തമായതാണ് - മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം, ശബരിമലയിലെ യുവതീപ്രവേശനത്തിൽ സുപ്രീംകോടതി വിധി വരട്ടെയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശബരിമല കയറാൻ ബിന്ദു അമ്മിണിയും തൃപ്തിദേശായിയും അടക്കം എത്തിയതിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായതുമില്ല. 

200 കോടിയുടെ നിക്ഷേപം വരും

ജപ്പാനിൽ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാനായെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തിന്‍റെ തെളിവാണിത്. നീറ്റ - ജലാറ്റിൻ കന്പനി കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തും. തോഷിബ കന്പനിയുമായി ഉടൻ കരാർ ഒപ്പിടും . ടൊയോട്ട കന്പനിയുമായും കരാറിൽ എത്തും. കൊച്ചിയിൽ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപകസംഗമത്തിൽ ജപ്പാൻ, കൊറിയൻ കന്പനികൾ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.