തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന വിദേശ വിനോദ സഞ്ചാരികളെ സഹായിക്കാൻ പൊലീസ്. താമസസൗകര്യം ലഭിക്കാതെ വലയുന്ന വിദേശവിനോദ സഞ്ചാരികളുടെ സഹായത്തിനായി പോലീസ് മുന്നിട്ടിറങ്ങും. 

ഇങ്ങനെ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തിയാലുടന്‍ വിനോദസഞ്ചാര വകുപ്പിനെ അറിയിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇവർക്ക് താമസസൗകര്യം ലഭിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം.

വിദേശവിനോദ സഞ്ചാരികള്‍ക്ക് സംസ്ഥാനത്ത് പലയിടത്തും താമസ സൗകര്യം കിട്ടാത്ത സ്ഥിതിയുണ്ട്. ഇതേക്കുറിച്ച് വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി.  കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ പല ഭാഗത്തും താമസസൗകര്യം കിട്ടാതെ അലയേണ്ടിവന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

അതേസമയം സർക്കാർ നിർദ്ദേശം ലംഘിച്ച് കൊച്ചി വിമാനത്താവളത്തിൽ ബിഗ് ബോസ് മത്സരാർത്ഥി രജിത് കുമാറിന് സ്വീകരണം നൽകിയ സംഭവത്തിൽ ശക്തമായ നടപടിയുമായി പൊലീസ് മുന്നോട്ട് പോവുകയാണ്. ഇതേ തുടർന്ന് ബിഗ് ബോസ് മത്സരാർത്ഥി രജിത് കുമാർ ഇന്ന് നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകും. ആറ്റിങ്ങലിലെ വീട്ടിൽ കഴിയുന്ന രജിതിനെ തേടി പൊലീസ് സംഘം ഇവിടെയെത്തി. വീട്ടിലുണ്ടായിരുന്ന രജിത് പൊലീസുമായി സംസാരിക്കുകയും ഇന്നു തന്നെ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. രജിതിന്‍റെ വീട്ടില്‍ സന്ദര്‍ശകര്‍ക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക