Asianet News MalayalamAsianet News Malayalam

ഫാത്തിമയുടെ മരണം: മൊബൈലിലെ ആത്മഹത്യാക്കുറിപ്പ് മരണത്തിന് മുമ്പ് എഴുതിയതെന്ന് സ്ഥിരീകരണം

കേസ് സിബിസിഐഡി അന്വേഷിക്കാത്തത് എന്തുകൊണ്ടെന്ന് മദ്രാസ് ഹൈക്കോടതി. കേസ് വിദഗ്ധ സമിതിയെ ഏൽപ്പിക്കാൻ മടിക്കുന്നത് എന്തുകൊണ്ട്? തമിഴ്നാട് സർക്കാരിനോട് വിശദീകരണം തേടി കോടതി.

forensic report says suicide note found in fathima mobile is before death
Author
Chennai, First Published Dec 3, 2019, 6:04 PM IST

ചെന്നൈ: ഫാത്തിമ ലത്തീഫിന്‍റെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് മരിക്കുന്നതിന് മുമ്പ് എഴുതിയത് തന്നെയെന്ന് ഫോറന്‍സിക് വിഭാഗം സ്ഥിരീകരിച്ചു. ഫാത്തിമ മരിക്കുന്നതിന് മുമ്പ് എഴുതിയതാണ് രണ്ട് കുറിപ്പുകളും സ്ക്രീന്‍ഷോട്ടുമെന്ന് കോടതിയില്‍ ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. അതേസമയം, വിദഗ്ധ അന്വേഷണത്തിന് തമിഴ്നാട് സര്‍ക്കാര്‍ മടിക്കുന്നത് എന്തിനെന്ന് മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചു.

അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫാത്തിമയുടെ ഫോണില്‍ സ്ക്രീന്‍ സേവറായി ഉണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ്. ഈ സ്ക്രീന്‍ഷോട്ടും, മൊബൈല്‍ ഫോണിലെ രണ്ട് കുറിപ്പുകളും ഫാത്തിമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവംബര്‍ ഒന്‍പതിന് മുമ്പ് എഴുതിയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. സുദര്‍ശന്‍ പത്മനാഭന്‍റെ പേരുള്ള ആത്മഹത്യാക്കുറിപ്പ് പുലര്‍ച്ചെ 12.27ന് എഴുതിയതാകാം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍, മൊബൈല്‍ ഫോണിലുള്ള മറ്റ് കുറിപ്പുകളിലെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് അന്വേഷണ സംഘം കൈപ്പറ്റി. 

ഫോറന്‍സിക് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സുദര്‍ശന്‍ പത്മനാഭനെ വീണ്ടും ചോദ്യം ചെയ്യും. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നതില്‍ മദ്രാസ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. സിബിഐ അന്വേഷണ ആവശ്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. കേസ് സിബിസിഐഡിക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ മടിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു. 2006 മുതല്‍ മദ്രാസ് ഐഐടിയില്‍ നടന്ന മരണങ്ങളില്‍ വിശദ അന്വേഷണം വേണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

Follow Us:
Download App:
  • android
  • ios