Asianet News MalayalamAsianet News Malayalam

വൈത്തിരിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ വനം വകുപ്പ്‌ ശ്രമം തുടങ്ങി

ഇന്നലെ പുലർച്ചെയാണ് വൈത്തിരി തൈലകുന്നിലെ 85 വയസുകാരൻ കുഞ്ഞിരാമനെ കാട്ടാന ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ വയോധികൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

Forest department started attempts to chase down wild elephant
Author
Vythiri, First Published Jul 13, 2022, 4:59 PM IST

വൈത്തിരി: വയനാട്‌ വൈത്തിരിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ വനം വകുപ്പ്‌ ശ്രമം തുടങ്ങി. മേപ്പാടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നാൽപതംഗ വനപാലക സംഘം സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം പ്രദേശവാസിയെ ആക്രമിച്ച ചുള്ളികൊന്പൻ സമീപത്തെ വനമേഖലയിലാണ് നിലയുറപ്പിച്ചത്.

ഇന്നലെ പുലർച്ചെയാണ് വൈത്തിരി തൈലകുന്നിലെ 85 വയസുകാരൻ കുഞ്ഞിരാമനെ കാട്ടാന ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ വയോധികൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ കാട്ടാന ഇറങ്ങുന്നത് പതിവാണെങ്കിലും മനുഷ്യരെ ആക്രമിക്കുന്നത്‌ ഇതാദ്യമാണ്‌. 

സ്ഥിരമായി വൈത്തിരി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന ചുള്ളികൊന്പനെ കാട്ടിലേക്ക് തുരത്താനാണ് വനം വകുപ്പിന്‍റെ ശ്രമം. മേപ്പാടി റേഞ്ച്‌ ഓഫീസർ ഹരിലാലിന്റെ നേതൃത്വത്തിൽ 40 അംഗ സംഘം വിവിധയിടങ്ങളിൽ ക്യാന്പ് ചെയ്യുന്നുണ്ട്. പരിഹാരമുണ്ടായില്ലെങ്കിൽ റോഡ് ഉപരോധമടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു.

നാരങ്ങാ കുന്ന്, മുള്ളൻപാറ, തളിമല തുടങ്ങിയ സ്ഥലങ്ങളും കാട്ടാന ഭീതിയിലാണ്. ഫെൻസിംഗ് സംവിധാനത്തിന്‍റെ പോരായ്മയാണ് കാട്ടാനകൂട്ടം പതിവായി ജനവാസ കേന്ദ്രങ്ങളിലിറങ്ങാൻ കാരണമെന്നാണ് പരാതി.

വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം; വളര്‍ത്തുനായയെ കൊന്നു

 

വയനാട്: വയനാട് ബത്തേരിയിൽ വീണ്ടും കടുവയുടെ ആക്രമണം. വാകേരി ഏദൻവാലി എസ്റ്റേറ്റിലെ വളർത്തുനായയെ കടുവ ആക്രമിച്ച് കൊന്നു.

നിരവധി തൊഴിലാളികൾ പണിയെടുക്കുന്ന എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം കടുവ എത്തിയത്. കടുവയുടെ സാന്നിധ്യം പതിവായതോടെ നാട്ടുകാർ ഭീതിയിലാണ്. 

അതേസമയം, കാടുവിട്ട് നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊണ്ടും രണ്ട് മാസത്തിലേറെയായി പൊറുതിമുട്ടിയിരിക്കുകയാണ് വയനാട്ടിലെ വനാതിർത്തി ഗ്രാമങ്ങൾ. കാട്ടാനശല്യം ഈയിടെയായി അതിരൂക്ഷമായെന്നാണ് പരാതി. ഒരു മാസം മുൻപാണ് മേപ്പാടി അരുണമലകോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത്. കഴിഞ്ഞ ദിവസം വൈത്തിരിയിൽ ചുള്ളികൊമ്പന്‍റെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്കേറ്റു. പുലർച്ചെ വീട്ടിനുള്ളിലേക്ക് കയറിയായിരുന്നു കാട്ടാനയുടെ പരാക്രമം.

ചുരുങ്ങിയ ദിവസത്തിനുള്ളിൽ നിരവധി വീടുകളും വാഹനങ്ങളും കാട്ടാന തകർത്തു. ജനവാസ കേന്ദ്രങ്ങളിലൂടെയും പാതയോരങ്ങളിലൂടെയും നിത്യവും കാട്ടാനകൾ വിഹരിക്കുമ്പോള്‍ ജനങ്ങൾ ഭീതിയിലാണ്. രാത്രി വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ആയിരക്കണക്കിന് കുടുംബങ്ങൾ. കാട്ടാന ശല്യത്തിന് ശാശ്വതപരിഹാരം കാണാൻ വനംവകുപ്പിന് സാധിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഇപ്പോൾ മുൻപ് കാട്ടാനകളുടെ സാന്നിധ്യമില്ലാത്ത മേഖലകളിൽ പോലും ശല്യം കൂടുന്നുവെന്നാണ് പരാതി.  

വൈത്തിരിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ വനം വകുപ്പ്‌ ശ്രമം തുടങ്ങി

Follow Us:
Download App:
  • android
  • ios