ഇന്ന് രാവിലെ വയനാട് പനമരം മേഖലയിലിറങ്ങിയ കാട്ടാന ഒരാളെ ചവിട്ടിക്കൊല്ലുകയും ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ആശുപത്രിയിലാക്കുകയും ചെയ്തിരുന്നു. 

വയനാട്: പനമരത്ത് ആളെ ചവിട്ടിക്കൊന്ന കാട്ടാനയെ മയക്കുവെടിവച്ചു വീഴ്ത്താന്‍ വനം വകുപ്പ് മന്ത്രി കെ.രാജു ഉത്തരവിട്ടു. ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാന ഒരാളെ കൊല്ലുകയും, ആനയെ തുരത്താനുള്ള ശ്രമത്തിനിടെ ആറോളം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിക്കേറ്റ് ആശുപത്രിയിലാവുകയും ചെയ്തതോടെയാണ് വനം മന്ത്രി നേരിട്ട് പ്രശ്നത്തില്‍ ഇടപെട്ടത്. ആനയെ വെടിവെച്ച് വീഴ്ത്തി റേഡിയോ കോളര്‍ ധരിപ്പിച്ച ശേഷം കാട്ടില്‍ വിടാനാണ് മന്ത്രിയുടെ നിര്‍ദേശം. 

ചൊവ്വാഴാച്ച രാവിലെയോടെയാണ് മാനന്തവാടിക്കടുത്ത് പനമരം മേഖലയില്‍ കാട്ടാന ഇറങ്ങിയത്. പ്രദേശവാസിയായ ഒരു പാല്‍വില്‍പനക്കാരനെ പുലര്‍ച്ചെയോടെ കാട്ടാനെ ആക്രമിച്ചു കൊന്നു. ഇതേ തുടര്‍ന്ന് ആനയെ കാട്ടിലേക്ക് തിരികെ കയറ്റി വിടാനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയെങ്കിലും ആന ഇവരെ പിന്തുടര്‍ന്ന് ആക്രമിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ ആറ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.

ജനവാസ മേഖലയിലിറങ്ങിയ കാട്ടാന അക്രമസ്വഭാവം കാണിക്കുന്നതിനെ തുടര്‍ന്ന് ആനയുടെ സാന്നിധ്യമുള്ള ചെറുകാട്ടൂര്‍ വില്ലേജില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാട് സബ്ബ് കളക്ടര്‍ എന്‍.എസ്.കെ.ഉമേഷാണ് ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.