എറണാകുളം സ്വദേശിയായ കരാറുകാരൻ രാജുവിന് വാട്ടർ അതോറിറ്റി 38 ലക്ഷം രൂപ നൽകാനുണ്ടായിരുന്നു

കോഴിക്കോട്: കോഴിക്കോട് വാട്ടർ അതോറിറ്റിയുടെ ഓഫീസിൽ ജപ്തി നോട്ടീസ് പതിച്ചു. കോഴിക്കോട്ടെ വാട്ടർ അതോറ്റി ഡിവിഷൻ ഓഫീസിന് മുന്നിലാണ് ജപ്തി നോട്ടീസ് പതിച്ചിരിക്കുന്നത്. എറണാകുളം സ്വദേശിയായ കരാറുകാരൻ രാജുവിന് വാട്ടർ അതോറിറ്റി 38 ലക്ഷം രൂപ നൽകാനുണ്ടായിരുന്നു. ഇത് നൽകാതിരുന്ന സാഹചര്യത്തിൽ രാജു കോടതിയെ സമീപിച്ചിരുന്നു. കേസിൽ വാദം കേട്ട കോഴിക്കോട് സബ് കോടതിയാണ് ഓഫീസ് ജപ്തി ചെയ്ത് പണം കരാറുകാരന് നൽകാൻ നിർദ്ദേശിച്ചത്. ഈ ഉത്തരവ് പ്രകാരമാണ് നടപടി.

കോഴിക്കോട് മലാപ്പറമ്പിലെ ഒരു ഏക്കർ സ്ഥലവും കെട്ടിടവുമാണ് ജപ്തി ചെയ്യാൻ നടപടിയായത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ വേസ്റ്റ് വാട്ടർ ഡിസ്പോസൽ വർക്കുമായി ബന്ധപ്പെട്ടുള്ളതാണ് പ്രശ്നം. വാട്ടർ അതോറിറ്റിയാണ് ഇത് ഏറ്റെടുത്ത് നടത്തിയത്. പദ്ധതിയുടെ കരാറുകാരൻ രാജുവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് നടത്തി ഹൈക്കോടതിയിൽ നിന്ന് പദ്ധതിയുടെ പ്രിൻസിപ്പൽ തുക രാജുവിന് കിട്ടിയിരുന്നു. എന്നാൽ പണം നൽകാൻ വൈകിയ കാലയളവിലെ പലിശ ലഭിച്ചിരുന്നില്ല. താൻ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് പണി നടത്തിയതെന്നും പണം കിട്ടണമെന്നും രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാക്കിയതിന് തന്നെ അഭിനന്ദിച്ചിരുന്നുവെന്നും രാജു പറഞ്ഞു.

YouTube video player

ഒരു ഏക്കർ ഭൂമിയിലാണ് വാട്ടർ അതോറിറ്റി ഓഫീസ് പ്രവർത്തിക്കുന്നത്. ഈ കരാറിന് ആവശ്യമായ തുക മെഡിക്കൽ കോളേജ് വാട്ടർ അതോറിറ്റിക്ക് നൽകിയിരുന്നു. എന്നാൽ പണം വാട്ടർ അതോറിറ്റി കരാറുകാരന് നൽകിയില്ല. ഒരു കോടിയോളം രൂപയുടേതായിരുന്നു പദ്ധതി. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച രാജുവിന് മുതൽ തുകയായ ഒരു കോടി രൂപയും പലിശയും നൽകാൻ കോടതി ഉത്തരവിട്ടു. ഇതേ തുടർന്ന് ഒരു കോടി രൂപ വാട്ടർ അതോറിറ്റി നൽകി. എന്നാൽ പലിശ നൽകിയില്ല. തുടർന്ന് രാജു വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. വാട്ടർ അതോറിറ്റി ഇക്കാര്യത്തിൽ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.