അച്ഛനും അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പമാണ് വിദ്യ താമസിക്കുന്നത്. കേസെടുത്തതിന് പിന്നാലെ വിദ്യ വീട്ടിൽ നിന്ന് മാറിയിരുന്നു. ബാക്കിയുള്ളവർ ഇന്നലെയാണ് വീട്ടിൽ നിന്ന് പോയതെന്നാണ് അയൽക്കാർ പറയുന്നത്
കൊച്ചി : വ്യാജരേഖ കേസിലെ പ്രതിയായ എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയെ ഇനിയും പിടികൂടാതെ പൊലീസ്. വിദ്യയുടെ തൃക്കരിപ്പൂർ മണിയനോടിയിലെ വീട്ടിൽ നീലേശ്വരം പൊലീസ് പരിശോധനക്കെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലാണ്. ഇന്ന് രാവിലെ 11.45 ഓടെയാണ് പൊലീസ് സംഘം എത്തിയത്. അച്ഛനും അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പമാണ് വിദ്യ താമസിക്കുന്നത്. കേസെടുത്തതിന് പിന്നാലെ വിദ്യ വീട്ടിൽ നിന്ന് മാറിയിരുന്നു. ബാക്കിയുള്ളവർ ഇന്നലെയാണ് വീട്ടിൽ നിന്ന് പോയതെന്നാണ് അയൽക്കാർ പറയുന്നത്.
എസ് എച്ച് ഓ സലീമിന്റെ നേതൃത്വത്തിൽ അഗളി പൊലീസ് സംഘവും അന്വേഷണത്തിനായി കാസർകോട്ട് എത്തിയിട്ടുണ്ട്. എന്നാൽ ഈ സംഘം വീട്ടിൽ പരിശോധനയ്ക്ക് എത്തിയില്ല. വിദ്യ അട്ടപ്പാടി ആർ.ജി. എം ഗവ കോളജിൽ ഹാജരാക്കിയ വ്യാജ രേഖകൾ കണ്ടെത്താനാണ് അന്വേഷണ സംഘം എത്തിയത്. കരിന്തളം ഗവൺമെൻറ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജിന്റെ മൊഴി അഗളി പോലീസ് രേഖപ്പെടുത്തും.
2018-19,2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നൽകി, 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കാലയളവിലാണ് നേരത്തെ വിദ്യ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജ രേഖയുമായി കെ വിദ്യ അട്ടപ്പാടി കോളേജിലുമെത്തിയത്. സംശയം തോന്നിയ അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ രേഖാമൂലം മഹാരാജസ് കോളേജിനോട് വിവരം തേടി. വിദ്യ അധ്യാപികയായിരുന്നില്ലെന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ രേഖാമൂലം മറുപടി നൽകി. അന്ന് വൈകീട്ട് പൊലീസിൽ പരാതിയും നൽകി. വ്യാജ രേഖ ഉണ്ടാക്കി വഞ്ചിക്കാൻ ശ്രമിച്ചതിൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി പൊലീസ് കേസെടുത്തു. സംഭവം നടന്ന അഗളി പൊലീസിന് കേസ് കൈമാറാനായിരുന്നു കൊച്ചി പൊലീസിന്‍റെ തീരുമാനം. എന്നാൽ കാസർകോട് കരിന്തളം കോളേജ് അവിടെ ലഭിച്ച വ്യാജ രേഖ മഹാരാജാസിലേക്ക് അയക്കാൻ തീരുമാനിച്ചതോടെ പൊലീസിൽ ആശയക്കുഴപ്പമായി. എന്നാൽ ഇതിനിടയിൽ പ്രാഥമികമായി പൊലീസ് പൂർത്തിയാക്കേണ്ട നടപടികളിൽ കാലതാമസമുണ്ടായി. പ്രതിയായ കെ വിദ്യ എവിടെ എന്നതിൽ ഒരു സൂചനയും പൊലീസിനില്ല.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം

