Asianet News MalayalamAsianet News Malayalam

കർദ്ദിനാൾ ആലഞ്ചേരിയ്ക്കെതിരായ വ്യാജ രേഖ കേസ്: കുറ്റപത്രം പത്ത് ദിവസത്തിനകം

കർദ്ദിനൾ മാർ ജോർജ്ജ് ആലഞ്ചേരി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് വരുത്തി തീ‍ർക്കുന്നതിനാണ് വ്യാജ ബാങ്ക് രേഖകൾ ഉണ്ടാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

forgery case against cardinal alencherry charge sheet soon
Author
Kochi, First Published Jun 2, 2020, 1:09 PM IST

കൊച്ചി: കർദ്ദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്കെതിരായ വ്യാജ രേഖ കേസിൽ കുറ്റപത്രം പത്ത് ദിവസത്തിനകം നൽകും. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. എൻ.കെ ഉണ്ണികൃഷ്ണനെ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി. മൂന്ന് വൈദികരടക്കം അഞ്ച് പ്രതികൾ കേസിൽ ഉണ്ടാകുമെന്നാണ് സൂചന.

എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിൽ കർദ്ദിനൾ മാർ ജോർജ്ജ് ആലഞ്ചേരി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് വരുത്തി തീ‍ർക്കുന്നതിനാണ് വ്യാജ ബാങ്ക് രേഖകൾ ഉണ്ടാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. കോന്തുരുത്തി സ്വദേശി ആദിത്യനാണ് കംപ്യൂട്ടർ ഉപയോഗിച്ച് സ്വന്തമായി ബാങ്ക് രേഖകൾ നിർമ്മിച്ചത്. ബംഗലുരുവിലെ സുഹൃത്ത് വിഷണു റോയിയുടെ സഹായവും ആദിത്യന് കിട്ടി. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരായ ഫാദർ പോൾ തേലക്കാട്, ടോണി കല്ലൂക്കാരൻ, എന്നിവരുടെ നിർദ്ദേശ പ്രകാരണമാണ് ബാങ്ക് രേഖകൾ ഉണ്ടാക്കിയതെന്നാണ് ആദിത്യൻ നൽകിയ മൊഴി. 

തുടർന്ന് വൈദികരായ പോൾ തേലക്കാടിനെയും ടോണി കല്ലൂക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ രേഖ ചമയ്ക്കൽ, ഗൂഢാലോചന, വ്യാജ രേഖ ശരയായ രേഖയെന്ന രീതിയിൽ അവതരിപ്പിക്കൽ അടക്കം നിരവധി വകുപ്പുകളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.  അറസ്റ്റിലായ നാല് പ്രതികൾക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

മറ്റ് രണ്ട് വൈദികരുടെ പങ്കിലും അന്വേഷണം പൂർത്തിയായി. ഇതിൽ ഒരാൾ പ്രതിപ്പട്ടികയിൽ വരും. വിഷ്ണു റോയിയ്ക്ക് കേസിൽ നേരിട്ട് പങ്കില്ല. ഈ പ്രതിയെ  മാപ്സാപ്ക്ഷിയാക്കുന്നതിനും ആലോചിക്കുന്നുണ്ട്. 2019 ജനുവരിയിൽ നടന്ന സിറോ മലബാർ സിനഡിലായിരുന്നു മുൻ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ജേക്കബ് മനത്തോടത്ത് കർദ്ദിനാളിനെതിരായ ബാങ്ക് രേഖകൾ ഹാജരാക്കിയത്. എന്നാൽ പരിശോധനയിൽ ഈ ബാങ്കുകളിൽ കർദ്ദിനാളിന് അക്കൗണ്ട് ഇല്ലെന്ന് കണ്ടെത്തി. തുടർന്നാണ് സിനഡ് നിർദ്ദേശ പ്രകാരം പൊലീസിൽ പരാതി നൽകിയത്. ജേക്കബ് മനത്തോടത്തിനെതിരെയും കേസെടുത്തെങ്കിലും കുറ്റകൃത്യത്തിൽ പങ്കില്ലാത്തതിനാൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
 

 

Follow Us:
Download App:
  • android
  • ios