Asianet News MalayalamAsianet News Malayalam

എട്ട് കിലോമീറ്റർ നീളം, മൂന്നര കിലോമീറ്റർ വീതി: കൊച്ചി തീരത്ത് പുതിയൊരു ദ്വീപ് ഉയരുന്നു ?

എട്ട് കിലോമീറ്റർ നീളം, മൂന്നര കിലോമീറ്റർ വീതി. കടലിൽ രൂപപ്പെട്ട മണൽത്തിട്ടയുടെ വലിപ്പം കുമ്പളങ്ങിക്കരയുടെ അഞ്ചിരട്ടിയാണ്.

formation of soil turning to island in kochi shore
Author
Kochi, First Published Jun 8, 2021, 10:08 AM IST | Last Updated Jun 8, 2021, 10:08 AM IST

കൊച്ചി: ഇന്ന് അന്താരാഷ്ട്ര സമുദ്രദിനം. കുറച്ച് വർഷങ്ങളായി ഈ ദിവസം കേരളം പറയാറുള്ളത്, കരയായിരുന്നതെല്ലാം കടലെടുക്കുന്ന പതിവ് പ്രതിഭാസത്തെ കുറിച്ചാണ്. എന്നാൽ, ഇക്കുറി അതു തിരിച്ചും സംഭവിക്കുകയാണ്. കൊച്ചി തുറമുഖത്തിന് സമീപത്തായി കടലിനുള്ളിൽ പുതിയൊരു ദ്വീപാണ് തെളിഞ്ഞ് വരുന്നത്.

എട്ട് കിലോമീറ്റർ നീളം, മൂന്നര കിലോമീറ്റർ വീതി. കടലിൽ രൂപപ്പെട്ട മണൽത്തിട്ടയുടെ വലിപ്പം കുമ്പളങ്ങിക്കരയുടെ അഞ്ചിരട്ടിയാണ്. 2018 ഡിസംബറിലുണ്ടായ ഓഖിയ്ക്ക് ശേഷമാണിങ്ങനെയൊരു തുരുത്ത് പൊങ്ങിപ്പൊങ്ങി വരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. സാധാരണയിങ്ങനെയുണ്ടായാൽ അൽപകാലം കഴിഞ്ഞാൽ താനേ താണില്ലാതായിപ്പോവാറാണ് പതിവ്. 

എന്നാൽ കൊച്ചി തുറമുഖ കവാടത്തിന് ഏഴ് കിലോമീറ്റർ പടിഞ്ഞാറ് മാറിയുള്ള മണൽത്തുരുത്ത് 21 അടി താഴ്ചയിലേക്ക് വരെ ഉയർന്ന് വന്നതോടെയാണ് സംഗതി പന്തിയല്ലെന്ന് വ്യക്തമായത്. തിട്ടയിൽ അടിഞ്ഞു കൂടിയ മണലിന്റെ സാംപിളെടുത്ത് പരിശോധിച്ച് പഠിക്കാൻ തീരുമാനിച്ചിരിക്കുകയാണിപ്പോൾ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല.

മണൽ നിക്ഷേപം ദ്വീപായി രൂപാന്തരപ്പെടുന്നതിന്റെ സാധ്യതകൾ പഠിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് ഫിഷറീസ് വകുപ്പിന് സമർപ്പിക്കും. ഒപ്പം മണൽനിക്ഷേപത്തിന്റെ വ്യാവസായിക സാധ്യതകളുൾപ്പെടെ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. അതേ സമയം ചെല്ലാനത്ത് നിന്നൂർന്ന് പോയ മണ്ണാണിങ്ങനെ അടിഞ്ഞ് കൂടിയതെന്നാണ് തീരദേശവാസികളുടെ വാദം. ആ മണ്ണ് തിരികെ തങ്ങളുടെ കരയിലിട്ട് കടലേറ്റം തടയണമെന്നാണവരുടെ ആവശ്യം. എന്തായാലും ഖനനത്തിന് പറ്റുന്ന മണൽ നിക്ഷേപമാണ് രൂപപ്പെട്ടതെങ്കിൽ കോടികളുടെ ഖനന സാധ്യതകളാണ് തുറക്കപ്പെടുക. 
 

Latest Videos
Follow Us:
Download App:
  • android
  • ios