Asianet News MalayalamAsianet News Malayalam

സിപിഎം പുറത്താക്കിയ മുൻ ഏരിയാ സെക്രട്ടറി എൽഡിഎഫ് സ്ഥാനാർത്ഥി; തെരഞ്ഞെടുപ്പ് സഹകരണ ബാങ്കിലേക്ക്

നീണ്ട 29 വർഷങ്ങൾക്ക് ശേഷം യുഡിഎഫിൽ നിന്ന് 2018 ൽ പിടിച്ചെടുത്ത ബാങ്കിൽ തുടർഭരണമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്

former area secretary expelled from CPIM be LDF candidate to Palakkuzha bank election kgn
Author
First Published Sep 15, 2023, 1:00 PM IST

കൊച്ചി: സിപിഎം പുറത്താക്കിയ മുൻ ഏരിയാ സെക്രട്ടറി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനലിൽ മത്സര രംഗത്ത്. പിറവത്തെ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് പാർട്ടി പുറത്താക്കിയ ഷാജു ജേക്കബാണ് ഇടത് പാനലിൽ സ്ഥാനാർത്ഥി. ഇദ്ദേഹം മത്സരിക്കുന്നതിനെതിരെ ഒരു വിഭാഗം പാർട്ടി പ്രവർത്തകർ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി നൽകി.

ഷാജു ജേക്കബിനെ പാർട്ടിയിൽ തിരിച്ചെടുത്തിട്ടില്ലെന്നും പ്രാദേശിക ഘടകത്തിന്‍റെ ആവശ്യപ്രകാരമാണ് മത്സരിക്കാൻ അനുമതി നൽകിയതെന്നും സിപിഎം ജില്ല നേതൃത്വം പ്രതികരിച്ചു. എറണാകുളം പാലക്കുഴ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ് ഷാജു സ്ഥാനാർത്ഥിയായത്. എൽഡിഎഫ് ഭരിക്കുന്ന ബാങ്ക് പിടിച്ചെടുക്കാൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.

'സംസ്ഥാനം നോക്കുന്നതിനേക്കാൾ നല്ലത് മണ്ഡലം നോക്കുന്നത്, മന്ത്രിസഭാ പുന:സംഘടന ചർച്ച നടന്നിട്ടില്ല': ആൻ്റണി രാജു

പിറവം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ സിന്ധുമോൾ ജേക്കബിന്‍റെ തോൽവിയെ തുടർന്നാണ് മുൻ ഏരിയാ സെക്രട്ടറി ഷാജു ജേക്കബിനെ പാർട്ടി പുറത്താക്കിയത്. ജില്ലാ കമ്മിറ്റിയുടെ സസ്പെൻഷൻ വെട്ടി സംസ്ഥാന സമിതി ഷാജുവിനെ പുറത്താക്കുകയായിരുന്നു. എന്നാൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അനധികൃത സ്വത്ത് സമ്പാദനം അടക്കമുയർത്തിയാണ് ഷാജുവിനെ മത്സരിപ്പിക്കുന്നതിനെ ഒരു വിഭാഗം പ്രവർത്തകർ പരസ്യമായി എതിർക്കുന്നത്.

എന്നാൽ ഇത്തരം പ്രചാരണങ്ങൾ തെരഞ്ഞെടുപ്പിൽ വിലപ്പോവില്ലെന്ന് ഷാജു ജേക്കബ് പ്രതികരിച്ചു. 5 വർഷത്തിനിടെ ബാങ്ക് നടപ്പിലാക്കിയ ജീവകാരുണ്യ പ്രവർത്തനങ്ങളടക്കം വോട്ടായി മാറും. 29 വർഷങ്ങൾക്ക് ശേഷം 2018 ൽ പിടിച്ചെടുത്ത ബാങ്കിൽ തുടർഭരണമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. കടുത്ത മത്സരം നടക്കുമെന്ന് ഉറപ്പായതോടെ പാലക്കുഴയിൽ നിന്നുള്ള എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസിന്റെ നേതൃത്വത്തിലാണ് യുഡിഎഫ് പാനൽ രംഗത്തുള്ളത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഉൾപ്പടെ ചർച്ചയാക്കി ശക്തമായ തിരിച്ച് വരവിനാണ് പരിശ്രമം. പാർട്ടി അനുമതിയോടെയാണ് ഷാജു ജേക്കബ് മത്സരിക്കുന്നതെന്ന് സിപിഎം ജില്ല സെക്രട്ടറി സി എൻ മോഹനനും പ്രതികരിച്ചു. 10000 ത്തിൽ അധികം അംഗങ്ങളുള്ള ബാങ്കിൽ വരുന്ന ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ്.

Asianet News | Nipah Virus | Nipah Virus Kerala | Asianet News Live

Follow Us:
Download App:
  • android
  • ios