ഇടുക്കി: കട്ടപ്പനയിൽ തണ്ടപ്പേർ തിരുത്തി ഭൂമി തട്ടിയെടുത്ത് മുൻ സിഐടിയു നേതാവ്. 2010വരെ കരമടച്ച ഭൂമിയുടെ തണ്ടപ്പേർ ഉപയോഗിച്ച് വ്യാജരേഖയുണ്ടാക്കി മുൻ സിഐടിയു നേതാവ് ലൂക്ക ജോസഫാണ് ഭൂമി തട്ടിയെടുത്തത്. വില്ലേജ് രേഖകളിൽ നിന്ന് യഥാർത്ഥ തണ്ടപ്പേർ കീറിമാറ്റി കൃത്രിമ തണ്ടപ്പേർ ഒട്ടിച്ചു ചേർത്താണ് തട്ടിപ്പ് . മുൻ വില്ലേജ് ഓഫീസറുടെ സഹായത്തോടെയാണ് ഈ വമ്പൻ തട്ടിപ്പ് . ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.

വാഴവര സ്വദേശി സിബി 2006 ഏപ്രിലിൽ വാങ്ങുകയും 2010 വരെ കരമടക്കുകയും ചെയ്തിരുന്ന ഭൂമിയിയില്‍ ഇടയ്ക്ക് മുടങ്ങിപ്പോയ കരം വീണ്ടും അടക്കാൻ ചെന്നപ്പോഴാണ് ആ തണ്ടപ്പേരിൽ അങ്ങനെ ഒരു ഭൂമിയേ ഇല്ലെന്ന് കട്ടപ്പന വില്ലേജ് ഓഫീസ് അറിയിച്ചത്. സിബിയുടെ പരാതിയിൽ വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ ഇതേ തണ്ടപ്പേരിൽ മറ്റൊരു ഭൂമിക്ക് ലൂക്ക ജോസഫ് എന്നയാൾ കരമടക്കുന്നതായി കണ്ടു. എന്നാൽ ലൂക്കയുടേതെന്ന് പറയുന്ന ഭൂമിക്ക് മുന്നാധാരമോ മറ്റ് രേഖകളോ ഇല്ല. 

മുൻ സിഐടിയു നേതാവായ ലൂക്കയുടെ ഈ ഭൂമിയിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. രേഖകളൊന്നുമില്ലാത്തതിനാൽ ഈ കെട്ടിടം പണിയുന്നതിന് ആദ്യം കട്ടപ്പന മുൻസിപ്പാലിറ്റി അനുമതി നിഷേധിച്ചിരുന്നു. ഇതോടെ വർഷങ്ങളായി കരമടക്കാതെ കിടന്നിരുന്ന ഒരു ഭൂമിയുടെ തണ്ടപ്പേർ അടിച്ചുമാറ്റുകയാണ് ലൂക്ക ചെയ്തത്.

മൂന്ന് വർഷം മുമ്പ് നടന്ന തട്ടിപ്പിന് ലൂക്കയ്ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് മുൻ വില്ലേജ് ഓഫീസർ ആന്റണിയാണ്. യാഥാർത്ഥ തണ്ടപ്പേർ കീറിമാറ്റി പുതിയത് ഒട്ടിച്ചു. 2006 മെയ് മുതൽ കരമടക്കുന്നതായി രേഖകളും ഉണ്ടാക്കി നൽകി.  എന്നാൽ ഇതൊന്നും അറിയില്ലെന്നാണ് ലൂക്കയുടെ വിശദീകരണം. ലൂക്കയുടെ തട്ടിപ്പിന് ജില്ലയിലെ ഉന്നത സിപിഎം നേതാക്കളുടെ പിന്തുണ ഉണ്ടെന്നും അതെല്ലാം അന്വേഷിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.