കൊച്ചി: എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ സിപിഎം തൃക്കാക്കര മുൻ ലോക്കൽ കമ്മിറ്റി അംഗം എംഎം അൻവറിനെ അഞ്ചു ദിവസത്തേക്ക് കൂടി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയായ അൻവറിന്‍റെ തെളിവെടുപ്പ് അയ്യനാട് സഹകരണബാങ്കിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. അൻവർ പണം പിൻവലിച്ച റസീറ്റുകൾ ബാങ്കില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. അഞ്ചു ലക്ഷം രൂപ പിൻവലിച്ചതിന്‍റെ റസീറ്റുകളാണ് കണ്ടെത്തിയത്. 

സിപിഎം നിയന്ത്രണത്തിലാണ് അയ്യനാട് സഹകരണബാങ്ക്. ഈ ബാങ്ക് വഴിയാണ് ഇയാള്‍ പത്തുലക്ഷത്തിഅമ്പതിനാലായിരം രൂപ തട്ടാൻ ശ്രമിച്ചത്. തെളിവെടുപ്പ് കഴിഞ്ഞു മടങ്ങുന്നതിനിടെ അൻവറിന് നേരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. അതേ സമയം തട്ടിപ്പില്‍ നേതാക്കള്‍ക്ക് പങ്കില്ലെന്ന് അൻവര്‍ പ്രതികരിച്ചു. ദുരിതാശ്വസ ഫണ്ടിൽ നിന്നും കുടുതൽ പണം തട്ടിയെടുത്തിട്ടുണ്ടോ എന്നറിയാനും തട്ടിയെടുത്തതായി കണ്ടെത്തിയ പണം എവിടെയാണെന്ന് അറിയുന്നതിനും കഴിഞ്ഞ ദിവസങ്ങളില്‍ ഇയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒപ്പം കൂടുതൽ പേർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. 

സിപിഎം നിയന്ത്രത്തിലുള്ള അയ്യനാട് സഹകരണ ബാങ്കിന്‍റെ അക്കൗണ്ട് വഴിയാണ് പ്രതി പണം തട്ടിയെടുത്തത്. ബാങ്ക് ഡയറക്ടറായ അൻവറിന്‍റെ ഭാര്യയാണ് പണം പിൻവലിക്കാൻ അൻവറിനെ സഹായിച്ചത്. 2020 നവംബര്‍ 28 നാണ് ആദ്യം കളക്ട്രേറ്റിലെ ക്ലര്‍ക്കും മുഖ്യ ആസൂത്രകനുമായ വിഷണു പ്രസാദ് അഞ്ച് ലക്ഷം രൂപ അൻവറിന്‍റെ അക്കൗണ്ടിൽ അയച്ചത്. പിന്നീട് വീണ്ടും ദുരിതാശ്വാസ നിധിയിൽ നിന്ന് പണം വന്നതോടെ ബാങ്ക് മനേജർക്ക് സംശയമായി. 

5,54,000 രൂപകൂടി അക്കൗണ്ടിൽ വന്നിരുന്നെങ്കിലും ഈ പണം പിൻവലിക്കാൻ അന്‍വറിനെ മാനേജർ അനുവദിച്ചില്ല. തട്ടിപ്പ് പുറത്തായെന്ന് മനസ്സിലായതോടെ അൻവർ സിപിഎം നേതാക്കൾക്കൊപ്പം കളക്ടറെ കണ്ട് പണം കൈമാറി കേസ് ഒതുക്കാൻ ശ്രമിച്ചു. എന്നാൽ ജില്ലാ കളക്ടർ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് കളക്ട്രേറ്റ് കേന്ദ്രീകരിച്ചുള്ളു കോടികളുടെ തട്ടിപ്പ് പുറത്ത് വന്നത്.  73 ലക്ഷം രൂപ കാണാതായ രണ്ടാമത്തെ കേസിലും അൻവറിന്‍റെ പങ്ക് ക്രൈംബ്രാ‌ഞ്ച് പരിശോധിക്കുന്നുണ്ട്.