ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്ന് മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. താൻ ദേവസ്വം പ്രസിഡന്‍റായിരിക്കെ ശബരിമലയിലെ ഒരു തരി പൊന്നുപോലും പോയിട്ടില്ലെന്നും പത്മകുമാർ

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും എല്ലാവരെയും ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്യട്ടെയെന്നും മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ പറഞ്ഞു. താൻ ദേവസ്വം പ്രസിഡന്‍റായിരിക്കെ ശബരിമലയിലെ ഒരു തരി പൊന്നുപോലും പോയിട്ടില്ലെന്നും പോകാൻ അനുവദിച്ചിട്ടില്ലെന്നും പത്മകുമാര്‍ പറഞ്ഞു. താൻ ശബരിമലയിൽ ഒരു തെറ്റായ കാര്യവും ചെയ്തിട്ടല്ല. സ്വർണ പാളി മാത്രമല്ല, ശബരിമലയിലെ എല്ലാം ഹൈക്കോടതി ഇടപെട്ട് അന്വേഷിക്കണം. 2019 ൽ നവീകരണത്തിനു നൽകിയത് സ്വർണം പൂശിയ ചെമ്പു പാളിയാകാമെന്നും ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും എ പത്മകുമാര്‍ പറഞ്ഞു.

അതേസമയം, സ്വര്‍ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്നും വിജിലന്‍സ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാവിലെ ദേവസ്ലം വിജിലന്‍സിന് മുമ്പാകെ ചോദ്യം ചെയ്യലിനായി പോകുന്നതിനിടെ മാധ്യമങ്ങളോട് ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചില്ല. ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചാണ് ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്നലെ മൊഴി നൽകിയത്. തന്‍റെ കൈവശം ലഭിച്ചത് ചെമ്പ് തകിടെന്നും ദേവസ്വം വിജിലൻസിന്‍റെ ചോദ്യം ചെയ്യലിലും ഉണ്ണികൃഷ്ണൻ പോറ്റി ആവര്‍ത്തിച്ചു. ചില കാര്യങ്ങളില്‍ പോറ്റി അവ്യക്തമായ മൊഴി നല്‍കിയതിനാല്‍ ദേവസ്വം വിജിലന്‍സ് വീണ്ടും മൊഴിയെടുക്കും. ഇന്നലെ മണിക്കൂറുകളോളമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്. ഇതിലെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പണം സമ്പാദനം നടത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ രേഖാമൂലമാണ് ചെമ്പ് തകിട് നൽകിയതെന്നും ഉദ്യോഗസ്ഥ വീഴ്ചയിൽ തനിക്ക് പങ്കില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. തന്‍റെയും മറ്റു സ്പോണ്‍സര്‍മാരുടെയും പണം കൊണ്ടാണ് പാളികള്‍ സ്വര്‍ണം പൂശിയതെന്നും പോറ്റി മൊഴി നൽകി.