തിരുവനന്തപുരം കഴക്കൂട്ടത്തെ വനിത ഹോസ്റ്റലിൽ അജ്ഞാതന്‍റെ നഗ്നതാ പ്രദര്‍ശനം. പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയുമില്ലെന്ന് ഹോസ്റ്റലിൽ താമസിക്കുന്ന കൊല്ലം സ്വദേശിനിയായ യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കൊല്ലം: വനിതാ ഹോസ്റ്റലിന് മുന്നിൽ അജ്ഞാതന്‍റെ നഗ്നതാ പ്രദർശനം. തിരുവനന്തപുരം കഴക്കൂട്ടത്തെ വർക്കിങ് വിമൺസ് ഹോസ്റ്റൽ കോമ്പൗണ്ടിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അശ്ലീല ചേഷ്ടകൾ കാണിച്ച ശേഷം രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏറെ നാളായി ശല്യം നേരിടുന്നുണ്ടെന്നും പൊലീസിൽ അറിയിച്ചിട്ടും ഫലമില്ലെന്നും ഹോസ്റ്റലിലെ താമസക്കാരിയായ കൊല്ലം സ്വദേശിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയപ്പോള്‍ ജനൽ തുറന്നിട്ടതുകൊണ്ടാണല്ലോ കണ്ടതെന്നും അത് അടച്ചിട്ടാൽ മതിയെന്നും പേടിക്കേണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്നും യുവതി പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ സഹിതമാണ് പൊലീസിൽ പരാതി നൽകിയത്.
ഒന്നര വര്‍ഷത്തോളമായി ഹോസ്റ്റലിലുള്ളവര്‍ ഇക്കാര്യം പരാതിയായി പറയുന്നുണ്ടെന്നും. കഴിഞ്ഞ ദിവസം രാത്രി പട്ടി കുരയ്ക്കുന്നത് കേട്ടാണ് റൂമിലെ ലൈറ്റ് ഓഫ് ചെയ്ത് പുറത്തേക്ക് നോക്കിയതെന്നും യുവതി പറഞ്ഞു. ഒരു മുറിയിൽ നാലുപേരോളം ഉണ്ടാകും. അതിനാൽ തന്നെ മുറിയിൽ വലിയ ചൂടായിരിക്കും. ചൂട് കുറയ്ക്കാനായാണ് ജനൽ തുറന്നിടുന്നത്. ജനലിലെ കര്‍ട്ടണ്‍ മാറ്റിയിട്ടുണ്ടായിരുന്നില്ല. ശബ്ദം കേട്ട് കര്‍ട്ടൻ മാറ്റി നോക്കിയപ്പോഴാണ് ഒരാള്‍ അവിടെ നിൽക്കുന്നത് കണ്ടത്. തുടര്‍ന്ന് ഫോണ്‍ എടുത്ത് വീഡിയോ എടുക്കുകയായിരുന്നു. ഇതിനിടയിൽ ആരാടാ എന്ന് ചോദിച്ചെങ്കിലും പ്രതികരിക്കാതെ കയ്യിലുണ്ടായിരുന്ന വെളിച്ചം സ്വന്തം ശരീരത്തിലേക്ക് അടിച്ച് അശ്ലീല ആംഗ്യം തുടരുകയായിരുന്നുവെന്നും യുവതി പറഞ്ഞു. മുഖം കാണാനായി ഫ്ലാഷ് ലൈറ്റ് ഓണാക്കിയപ്പോള്‍ വീഡിയോ എടുക്കുകയാണെന്ന് മനസിലായതോടെ അജ്ഞാതൻ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഭര്‍ത്താവിനെ വിളിച്ച് ഉടനെ കാര്യം പറയുകയായിരുന്നു. ഭര്‍ത്താവാണ് കഴക്കൂട്ടം സ്റ്റേഷനിൽ കാര്യം വിളിച്ചു പറഞ്ഞത്. അപ്പോള്‍ തന്നെ പൊലീസുകാരെത്തി പരിശോധിച്ചെങ്കിലും ജനൽ തുറന്നിട്ടതുകൊണ്ടാണല്ലോ കണ്ടതെന്നും അടച്ചിട്ടാ മതിയെന്നുമായിരുന്നു പ്രതികരണം. നേരത്തെയും ആറുമാസത്തിന് മുമ്പ് സമാന രീതിയിലുള്ള പരാതി പറഞ്ഞപ്പോള്‍ നിങ്ങള്‍ നോക്കാൻ ആളുകള്‍ ഉള്ളതുകൊണ്ടാണല്ലോ പുള്ളി ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു പൊലീസിന്‍റെ പ്രതികരണമെന്നും യുവതി ആരോപിച്ചു. ഗോവിന്ദ ച്ചാമിയെ പോലെയൊരാള്‍ ഇനി ഉണ്ടാകരുതെന്ന് വിചാരിച്ചാണ് ഇക്കാര്യങ്ങളിൽ പരാതിയുമായി മുന്നോട്ടുപോയതെന്നും യുവതി പറഞ്ഞു.



