കൊച്ചി: മതഭീകരക്കെതിരെ കെസിബിസി(കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍) കൊച്ചിയില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.  മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. 'മതഭീകരതക്ക് വളം വയ്ക്കുന്ന രാഷ്ട്രീയ, സാമൂഹ്യ സാമ്പത്തിക ഘടകങ്ങള്‍-കേരള പശ്ചാത്തലത്തില്‍' എന്ന വിഷയത്തിലാണ് കെസിബിസി സെമിനാര്‍ സംഘടിപ്പിക്കുന്നത്.  നവംബര്‍ 21ന് കൊച്ചിയിലാണ് സെമിനാര്‍ നടക്കുക. 

കേരളത്തിന്‍റെ സവിശേഷ പശ്ചാത്തലത്തില്‍ പ്രകടമാകുന്ന മതഭീകരതയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം, മതത്തിന്‍റെ അത്തരം ലക്ഷണപ്പിശകുകള്‍ക്ക് കുടപിടിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക ഘടകങ്ങള്‍ നിലവിലുണ്ടോ, ഉണ്ടെങ്കില്‍ ഏവ, ഇത്തരം ഘടകങ്ങളെ എങ്ങനെ വിശകലനം ചെയ്യാം, എങ്ങനെ നിരുത്സാഹപ്പെടുത്താം എന്നീ കാര്യങ്ങളാണ് സെമിനാറിന്‍റെ വിഷയങ്ങള്‍. 

മുന്‍ ഡിജിപി എന്ന നിലയിലാണ് സെന്‍കുമാറിന് പ്രധാന പ്രഭാഷകനാക്കിയതെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ പൊതുസമൂഹത്തിന് അറിയേണ്ട കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്ന് അറിയുന്നതിനാലാണ് സെന്‍കുമാറിനെ ക്ഷണിച്ചത്. മുമ്പ് നടത്തിയ സെമിനാറില്‍ ജേക്കബ് പുന്നൂസായിരുന്നു സംസാരിച്ചത്. സെന്‍കുമാറിന്‍റെ നിലവിലെ രാഷ്ട്രീയ ചായ്‍വുകളും നിലപാടും അദ്ദേഹത്തെ ക്ഷണിക്കാന്‍ കാരണമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.