ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ദ്വാരപാലക പാളികൾ കൊടുത്തുവിട്ടത് ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരമായിരുന്നെന്ന് അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ്. അന്ന് ശ്രദ്ധയിൽപ്പെട്ടത് ചെമ്പ് തെളിഞ്ഞ പാളികളായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ദ്വാരപാലക പാളികൾ കൊടുത്തുവിട്ടത് ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരമായിരുന്നെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെമ്പ് തെളിഞ്ഞ പാളികൾ ആയിരുന്നു അന്ന് തന്റെ ശ്രദ്ധയിൽപ്പെട്ടത്. പാളികൾ സ്വർണ്ണം പൊതിഞ്ഞതായിരുന്നു എന്ന് ആരും രേഖപ്പെടുത്തിയിട്ടില്ല. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും തിരുവാഭരണം കമ്മീഷണറും ആണ് അത് പരിശോധിക്കേണ്ടത്. വേണമെങ്കിൽ ബോർഡിന് അത് വീണ്ടും പരിശോധിക്കാമായിരുന്നു. അന്നാരും ഇക്കാര്യത്തിൽ ഒരു സംശയവും പ്രകടിപ്പിച്ചിരുന്നില്ല. ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബോർഡ് തീരുമാനം നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഡി സുധീഷ് പറഞ്ഞു. കൂടാതെ, ദ്വാരപാലക ശില്പങ്ങൾ കൈമാറുമ്പോൾ സ്മിത്ത് ഒപ്പിട്ടിരുന്നില്ലെന്നും അദ്ദേഹത്തിന്റെ അസൗകര്യം കാരണമായിരിക്കാം അതെന്നും സുധീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശബരിമലയിൽ 1998ൽ സ്വർണം പൊതിഞ്ഞത് തന്നെയെന്ന് ശബരിമല കീഴ്ശാന്തിയായിരുന്ന ശ്രീനിവാസൻ പോറ്റി

ശബരിമലയിൽ 1998ൽ സ്വർണം പൊതിഞ്ഞത് തന്നെയെന്ന് വിജയ് മല്യ സ്വർണം പൊതിഞ്ഞ കാലയളവിൽ ശബരിമല കീഴ്ശാന്തിയായിരുന്ന ശ്രീനിവാസൻ പോറ്റി. എല്ലാം നടന്നത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആയിരുന്നെന്നും ശബരിമലയിൽ വച്ചു തന്നെയാണ് സ്വർണം പൊതിഞ്ഞതെന്നും ശ്രീനിവാസൻ പോറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാതിലിനും കട്ടിളയ്ക്കും സ്വർണം പൊതിഞ്ഞു. ചിട്ടയായാണ് എല്ലാ പ്രവർത്തനങ്ങളും നടന്നത്. വിവാദങ്ങൾ കേട്ടപ്പോൾ വലിയ പ്രയാസം ഉണ്ടായെന്നും അദ്ദേഹം പറ‍ഞ്ഞു.

അതേസമയം, ശബരിമലയിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അയ്യപ്പ ഭക്തരുടെ ഹൃദയത്തിൽ മുറുവുണ്ടാക്കിയെന്ന് ശ്രീനിവാസൻ പോറ്റി പറഞ്ഞു. ദേവസ്വം ബോർഡിന്റെ പണപ്പെട്ടിയാണ് ശബരിമല. വരുമാനം കുറഞ്ഞാൽ ദേവസ്വം ബോർഡ് വഴിയാധാരമാകും. അയ്യപ്പഭക്തന്മാരുടെ സംഭാവനയും കാണിക്കയുമാണ് ദേവസ്വം ബോർഡിനെ നിലനിർത്തുന്നത്. വിവാദങ്ങളൊക്കെയും അയ്യപ്പ ഭക്തന്മാരുടെ മനസ്സിൽ വലിയ വേദന ഉണ്ടാക്കിയിട്ടുണ്ട്. അടുത്ത കൊല്ലവും ഈ വരുമാനം ഉണ്ടാകണം എങ്കിൽ വിവാദങ്ങൾക്കെല്ലാം പരിഹാരം കാണണം. ഇല്ലെങ്കിൽ അയ്യപ്പന്മാർ ചന്ദനത്തിരിയും കർപ്പൂരവും ഭണ്ഡാരത്തിൽ ഇടുമെന്നും അദ്ദേഹം പറഞ്ഞു.

YouTube video player