കൊച്ചി: മരടിൽ തീരദേശ നിയമം ലംഘിച്ചു ഫ്ളാറ്റുകൾ നിർമിച്ച കേസിൽ അറസ്റ്റിലായ ഫ്ലാറ്റ് നിർമാതാവടക്കം മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഹോളി ഫെയ്ത് ഉടമ സാനി ഫ്രാൻസിസ്, മുൻ മരട് പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ അഷ്‌റഫ്‌, ജൂനിയർ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് ഉച്ചയോടെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുക.

കഴിഞ്ഞ ദിവസമാണ് ഹോളിഫെയ്ത്ത് ഉടമ,  മുൻ മരട് പഞ്ചായത്ത്‌ സെക്രട്ടറി, ജൂനിയർ സൂപ്രണ്ട് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ക്രൈംബ്രാഞ്ച് മൂവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജയറാം എന്ന മറ്റൊരു പഞ്ചായത്ത് ജീവനക്കാരനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.

Read more: മരട് ഫ്ലാറ്റ് കേസ്; ഫ്ലാറ്റ് നിർമാണ കമ്പനി ഉടമ ഉള്‍പ്പടെ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ഇതിനിടെ ഫ്ലാറ്റ് പൊളിക്കുന്നതിനു മുന്നോടിയായി പരിസരവാസികളുടെ ആശങ്ക അകറ്റാനുള്ള യോഗം രാവിലെ 11ന് ചേരും. ഫ്ലാറ്റുകൾ എത്ര രൂപയ്ക്കാണ് ഉടമകൾക്ക് വില്പന നടത്തിയതെന്ന സത്യവാങ്മൂലം, കെട്ടിട നിർമാതാക്കൾ വൈകിട്ട് അഞ്ച് മണിക്ക് മുൻപായി മരട് നഗരസഭാ സെക്രട്ടറിയ്ക്ക് കൈമാറാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. പൊളിക്കാനുള്ള ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറുന്ന കാര്യത്തിലും ഇന്ന് തീരുമാനം ആയേക്കും.