ഒരു സാധാരണ പൗരൻ എന്ന നിലയിൽ നോക്കുമ്പോൾ കുറച്ചുകൂടി ജാഗ്രത പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഞാൻ നിർദ്ദേശിച്ച ആളല്ല രാജ. 

ഇടുക്കി: ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ പ്രതികരിച്ച് മുൻ എംഎൽഎ എസ് രാജേന്ദ്രൻ. എ രാജയെ സ്ഥാനാർത്ഥിയായി നിർണയിച്ച വേളയിൽ സിപിഎം കുറച്ച് കൂടി പരിശോധന നടത്തേണ്ടിയിരുന്നുവെന്ന് എസ് രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'രാജ പാർട്ടിയിലെത്തിയിട്ട് 10 വർഷം മാത്രമേ ആയിട്ടുള്ളു. അദ്ദേഹത്തിൻറെ ജാതി, മതം എന്നിവയെക്കുറിച്ച് വ്യക്തമായി അറിയില്ല. താനിപ്പോൾ പാർട്ടിയിൽ മെമ്പർ അല്ല. പക്ഷേ ഒരു സാധാരണ പൗരൻ എന്ന നിലയിൽ നോക്കുമ്പോൾ കുറച്ചുകൂടി ജാഗ്രത പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാക്കേണ്ടിയിരുന്നുവെന്നാണ് അഭിപ്രായം. ഞാൻ നിർദ്ദേശിച്ച സ്ഥാനാർത്ഥിയല്ല രാജ. രാജയുടെ പേര് നിർദ്ദേശിച്ച ആൾ കുറച്ചുകൂടി പരിശോധന നടത്തിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെങ്കിലും സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്ന് പറയാൻ താനില്ലെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു. നിരവധി വിധി പകർപ്പുകളുടെയും അടിസ്ഥാനത്തിലാണ് കോടതി വിധി പറഞ്ഞത്. പട്ടികജാതിക്കാരെ അപമാനിച്ചുവെന്ന വി ഡി സതീശന്റെ പരാമർശം കുറച്ചെങ്കിലും ശരി വെക്കുന്നതാണ് ഇപ്പോഴത്തെ വിധിയെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു.