രാഷ്ട്രീയത്തിൽ നിന്ന് വിടപറയുകയാണെന്നും സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങൾ അത്ഭുതപ്പെടുത്തിയെന്നും നഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയൻ ഫേസ്ബുക്കിൽ കുറിച്ചു. കയ്പ്പേറിയ പാഠങ്ങൾ പഠിച്ച കാലമാണിത്.

പാലക്കാട്: തദ്ദേശ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി തുടരുന്നു. രാഷ്ട്രീയത്തിൽ നിന്ന് വിടപറയുകയാണെന്നും സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങൾ അത്ഭുതപ്പെടുത്തിയെന്നും നഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയൻ ഫേസ്ബുക്കിൽ കുറിച്ചു. കയ്പ്പേറിയ പാഠങ്ങൾ പഠിച്ച കാലമാണിത്. രാഷ്ട്രീയം നോക്കാതെ സഹായം തേടി വന്ന എല്ലാവർക്കും വേണ്ടി പ്രവർത്തിച്ചു. രാഷ്ട്രീയ ജീവിതത്തോട് സന്തോഷത്തോടെയും സമാധാനത്തോടെയും വിട പറയുകയാണെന്നും പ്രിയ അജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതേസമയം, എന്താണ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ കാരണമെന്ന് വ്യക്തമല്ല. 

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

പ്രിയപ്പെട്ടവരെ,

കൗൺസിലർ എന്ന നിലയിലുള്ള എൻ്റെ അഞ്ച് വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ്. ആദ്യത്തെ മൂന്നു വർഷം പാലക്കാട് നഗരസഭ ചെയർപേഴ്സൺ എന്ന നിലയിലും, തുടർന്ന് കൗൺസിലറായും സേവനം ചെയ്യാൻ കഴിഞ്ഞത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്.

രാഷ്ട്രീയ രംഗത്തെ കയറ്റിറക്കങ്ങളും, ആരെ വിശ്വസിക്കണം, ആരെ സൂക്ഷിക്കണം എന്നുള്ള കയ്പേറിയ പാഠങ്ങളും ഈ കാലയളവിൽ ഞാൻ പഠിച്ചു. സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എങ്കിലും, ഒരുകാര്യം ഞാൻ അഭിമാനത്തോടെ പറയുന്നു: രാഷ്ട്രീയം നോക്കാതെ സഹായം തേടി വന്ന എല്ലാവർക്കും വേണ്ടി പ്രവർത്തിക്കാൻ സാധിച്ചു .

അതിലൂടെ ജനങ്ങളുടെ മനസ്സിൽ ഒരു നല്ല സ്ഥാനം നേടാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ യാത്രയിൽ എന്നെ പിന്തുണച്ച വോട്ട് ചെയ്ത പ്രിയ ജനങ്ങളോടും, ഒപ്പം നിന്ന സഹപ്രവർത്തകരോടും, ഏറ്റവും പ്രധാനമായി, എൻ്റെ തീരുമാനങ്ങളെ വിശ്വസിച്ച് എല്ലാ പിന്തുണയും നൽകിയ മുനിസിപ്പൽ ജീവനക്കാരോടും എൻ്റെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. പുതിയ പാഠങ്ങൾ ഉൾക്കൊണ്ട്, ഈ രാഷ്ട്രീയ ജീവിതത്തോട്, ഞാൻ സന്തോഷത്തോടെയും സമാധാനത്തോടെയും വിട പറയുന്നു. എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും!

YouTube video player