Asianet News MalayalamAsianet News Malayalam

സർക്കാറിനെ വെട്ടിലാക്കി റിപ്പോർട്ടുകൾ, മുഖ്യമന്ത്രി മൗനം വെടിയുമോ?

സോളാർ കേസിൽ ഉമ്മന്‍ചാണ്ടിയുടെ പിഎ ചെയ്ത കുറ്റത്തിന് ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ടയാള്‍ തന്‍റെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കുറ്റത്തില്‍ മൗനം പാലിക്കുന്നത് എന്ത് കൊണ്ടെന്ന ചോദ്യമാണുയരുന്നത്.

former principal secretary m shivashankar arrest pinarayi vijayan
Author
Thiruvananthapuram, First Published Oct 29, 2020, 1:54 PM IST

തിരുവനന്തപുരം: പിടിച്ചെടുത്ത സ്വര്‍ണം വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ ശിവശങ്കർ വിളിച്ചെന്ന എൻഫോഴ്സ്മെന്റ് റിപ്പോര്‍ട്ടും പുറത്ത് വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും വീണ്ടും വെട്ടിലായി. സോളാർ കേസിൽ ഉമ്മന്‍ചാണ്ടിയുടെ പിഎ ചെയ്ത കുറ്റത്തിന് ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ടയാള്‍ തന്‍റെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കുറ്റത്തില്‍ മൗനം പാലിക്കുന്നത് എന്ത് കൊണ്ടെന്ന ചോദ്യമാണുയരുന്നത്.

സോളാര്‍ കേസ് കത്തിപ്പടരുന്ന കാലം. പിണറായി വിജയന്‍ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും  കേരളം ഭരിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. 2013 ജൂണ്‍ 30 തിന്  ഉമ്മന്‍ചാണ്ടിയുടെ പിഎ ആയിരുന്ന ജോപ്പന്‍ സരിതയില്‍ നിന്ന് 40 ലക്ഷം രൂപ വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളി‍ൽ വച്ച് ഗൂഡാലോചന നടത്തിയാണ് പണം വാങ്ങിയതെന്നും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കുണ്ടെന്നും പറഞ്ഞാണ് അന്ന് പിണറായി, ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ടത്. അന്വേഷണം നടത്തിയ കേരളാപൊലീസിന്‍റെ കണ്ടെത്തലുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു രാജിയാവശ്യം.

കേരളാ മുഖ്യമന്ത്രികസേരയില്‍ ഇന്ന് പിണറായി വിജയന്‍.  അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരനെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയതു. അന്താരാഷ്ട്രമാനമുള്ള സ്വര്‍ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തുവെന്നാണ് കേസ്. അന്ന് അറസ്റ്റിലായത് ഉമ്മന്‍ചാണ്ടിയുടെ പിഎ ആണെങ്കില്‍ ഇന്ന് അറസ്റ്റിലായിരിക്കുന്നത് മുഖ്യമന്ത്രിയുടെ വലംകയ്യായിരുന്ന ഐടി ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഓഫീസും അധികാരവും സ്ഥാനവുമെല്ലാം ദുരുപയോഗം ചെയ്തെന്നാണ് അദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്ന കുറ്റം.

സോളാർ കേസ് അന്വേഷിച്ചത് കേരളാപോലീസാണെങ്കില്‍ ഇന്ന് അന്വേഷിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സികളാണ്. സോളാര്‍ കേസിനേക്കാള്‍ എത്രയോ പതിന്‍മടങ്ങ് പ്രഹരശേഷിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ സംശയമുനയില്‍ നില്‍ക്കുമ്പോള്‍ 2013 ല്‍ താന്‍ പറഞ്ഞ ധാര്‍മികത എവിടെയെന്നതിൽ ഉത്തരം പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. രാഷ്ട്രീയകേരളം അദ്ദേഹത്തിന്‍റെ മറുപടിക്കായി കാത്തിരിക്കുന്നു.

Follow Us:
Download App:
  • android
  • ios